Image: x.com/TeluguScribe

മരിച്ചു പോയ അമ്മയെ സംസ്കരിക്കാന്‍ അനുവദിക്കാതെ ചിതയില്‍ കയറിക്കിടന്ന് മകന്‍. അമ്മയുടെ ആഭരണങ്ങള്‍ തനിക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ചായിരുന്നു കൃത്യം. രാജസ്ഥാനിലെ കോട്​പുട്​ലി–ബെഹ്രോര്‍ ജില്ലയിലാണ് സംഭവം. വെള്ളി വളകള്‍ തനിക്ക് നല്‍കാതെ ചിതയില്‍ നിന്നെഴുന്നേല്‍ക്കില്ലെന്ന് ഓംപ്രകാശ് വാശി പിടിച്ചതോടെ രണ്ടര മണിക്കൂറാണ് സംസ്കാരം വൈകിയത്. 

മേയ് മൂന്നിനായിരുന്നു സംഭവമെന്ന്  പൊലീസ് പറയുന്നു. വിരാട് നഗറിലെ ലീല കാ ബാസ് ഗ്രാമവാസിയായ ഭുവ്​രി ദേവി (80) മേയ് മൂന്നിനാണ് മരിച്ചത്. നൂറുകണക്കിന് വരുന്ന ഗ്രാമീണര്‍ ഭുവ്​രിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. ഭുവ്​രിയുടെ ഏഴുമക്കളില്‍ അഞ്ചാമനായ ഓം പ്രകാശ് സാധാരണ പോലെ ചടങ്ങുകളില്‍ പങ്കെടുത്തു. മൃതദേഹം ദഹിപ്പിക്കുന്നതിനായി ശ്മശാനത്തിലെത്തിച്ചതോടെ ഓം പ്രകാശിന്‍റെ മട്ടും ഭാവവും മാറി. അമ്മയ്ക്കായി ഒരുക്കിയ ചിതയുടെ മേല്‍ കയറിക്കിടന്നു. 'അമ്മയുടെ വെള്ളി വളകള്‍ ഇങ്ങ് തരൂ, അല്ലാതെ ഞാന്‍ എഴുന്നേല്‍ക്കില്ല' എന്നായിരുന്നു അലറിപ്പറഞ്ഞത്. 

ഭുവ്​രി ദേവിയുടെ ആഭരണങ്ങള്‍ പാരമ്പര്യം അനുസരിച്ച് മൂത്ത മകനായ ഗിര്‍ധരിക്കാണ് കുടുംബം നല്‍കിയത്. ഇത് അറിഞ്ഞതിന് പിന്നാലെയാണ് ഓം പ്രകാശ് നാടകീയമായി ആഭരണം ആവശ്യപ്പെട്ടത്. കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരുമെല്ലാം ഇടപെട്ടുവെങ്കിലും ആഭരണം കിട്ടാതെ ചിതയില്‍ നിന്നെഴുന്നേല്‍ക്കില്ലെന്ന് ഓം പ്രകാശ് പ്രഖ്യാപിച്ചു. ഒടുവില്‍ ആളെ വിട്ട് വീട്ടില്‍ നിന്നും അമ്മയുടെ വെള്ളി വളകള്‍ കൊണ്ടുവന്ന് ഓം  പ്രകാശിന് കൊടുത്ത ശേഷമാണ് ഭു​വ്​രിയെ സംസ്കരിക്കാനായത്.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്വസ്ഥവും സമാധാനപൂര്‍ണവുമായി അമ്മയെ യാത്ര അയയ്ക്കേണ്ട മക്കള്‍ മൃതദേഹം മുന്നില്‍ വച്ച് സ്വത്തിനായും ആഭരണങ്ങള്‍ക്കായും തല്ല് കൂടുന്നത് ശരിയല്ലെന്നും നടുക്കുന്നതാണ് ദൃശ്യങ്ങളെന്നും ആളുകള്‍ കുറിക്കുന്നു. 

ENGLISH SUMMARY:

In a shocking incident from Rajasthan’s Kotputli-Behror district, a man delayed his mother’s cremation by climbing onto the funeral pyre, demanding her silver bangles as his rightful inheritance. The deceased, 80-year-old Bhuvri Devi, passed away on May 3 in Virat Nagar.