മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.സിരിജഗന്‍ അന്തരിച്ചു. കൊല്ലം സ്വദേശിയായ അദ്ദേഹം ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്ന് വരെ കടവന്ത്രയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
കോടതിയുടെ അധികാരവും ശക്തിയും എന്തെന്ന് തന്റെ ജുഡീഷ്യൽ ജീവിതത്തിലൂടെ തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് എസ്.സിരിജഗൻ. നീതി തേടിയെത്തുന്നവർക്ക് കോടതി വിധിയുടെ പ്രയോജനം ഉത്തരവിന്റെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട് ലഭിക്കണമെന്നും ഉത്തരവുകൾ പ്രഹസനം ആവരുതെന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. കോടതി ഉത്തരവുകൾ പാലിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. കോടതി അലക്ഷ്യ കേസുകളുടെ പ്രസക്തിയും മഹത്വവും സിരിജഗന്റെ സേവനകാലത്താണ് പലരും തിരിച്ചറിഞ്ഞതും. സിരിജഗൻ കോടതിക്ക് കാർക്കശ്യക്കാരനായ ജഡ്ജായിരുന്നില്ല.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിൽസ വഴിമുട്ടുമായിരുന്ന അഭിഭാഷകർക്ക് അദ്ദേഹം സാമ്പത്തിക സഹായം നൽകുകയും തുടർ ചികിൽസ ഉറപ്പാകുകയും ചെയ്തിരുന്നു. 2018 ലെ പ്രളയകാലത്തു ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി. കോവിഡ് കാലത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സിരിജഗൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവർക്കു നഷ്ട പരിഹാരം നൽകുന്നതിനുള്ള കമ്മിഷൻ ആയി ജസ്റ്റിസ് സിരിജഗനെ യാണ് സുപ്രീംകോടതി നിയോഗിച്ചത്. കമ്മിഷന്റെ ഇടപെടലിലൂടെ നിരവധിയാളുകൾക്ക് നഷ്ടപരിഹാരം ലഭിച്ചു. ശബരിമല നവീകരണത്തിനുള്ള ഉന്നതധികാര സമിതിയുടെ ചെയർമാൻ സ്ഥാനവും അദ്ദേഹത്തിനായിരുന്നു. കൊച്ചി നുവൽസ് വൈസ് ചാൻസാലരായും ചുമതല വഹിച്ചുവരികയായിരുന്നു. ന്യായാധിപ ജീവിതത്തിന് ശേഷവും നിയമ സാമൂഹിക മേഖലകളിൽ സജീവമായിരിക്കെയാണ് സിരിജഗന്റെ അന്ത്യം.