Image Credit: X @sanjevaniNews
വിവാഹവേദിയില്‍ നവവരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം 25 കാരനായ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം.
ബെലഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിന്‍റെ വിവാഹം. താലി കെട്ടിയതിനുശേഷം ദമ്പതികളെ അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ഒരു ആചാരം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സംഭവം.
രണ്ട് മൂന്ന് ഫോട്ടോ എടുത്തതിന് പിന്നാലെ പ്രവീൺ വിറയ്ക്കുകയും നെഞ്ചുവേദനിച്ച് കുഴഞ്ഞു വീഴുകയുമായിരുന്നു. പരിഭ്രാന്തരായ വിവാഹവേദിയിലുള്ളവര്‍ പ്രവീണിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രവീൺ. കർണാടക സൈക്ലിംഗ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണെയുടെ മൂത്തമകനാണ്. "ഇത് ആർക്കും ഒരിക്കലും സംഭവിക്കരുത്. ദമ്പതികൾക്ക് നല്ലൊരു ജീവിതം ആശംസിക്കാനാണ് ഞങ്ങൾ വന്നത്, ഇപ്പോൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിതരായിരിക്കുന്നു" എന്നാണ് ചടങ്ങിനെത്തിയൊരാള്‍ പറഞ്ഞത്.