കേണല്‍ സോഫിയ ഖുറേഷിയെ 'തീവ്രവാദികളുടെ സഹോദരി'യെന്ന് ആക്ഷേപിച്ചതില്‍ മാപ്പുപറഞ്ഞ് ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കന്‍വര്‍ വിജയ് ഷാ. അപകീര്‍ത്തികരമായ വാക്കുകള്‍ പറഞ്ഞതില്‍ ലജ്ജയും ഖേദവുമുണ്ടെന്നും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നുമാണ് വിജയ് ഷാ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
Bhopal: Congress workers burn an effigy during a protest against Madhya Pradesh minister and BJP leader Vijay Shah over his controversial remarks on Army officer Colonel Sofia Qureshi, in Bhopal, Wednesday, May 14, 2025. (PTI Photo)(PTI05_14_2025_000251B)
പഹല്‍ഗാമില്‍ നമ്മുടെ പെണ്‍മക്കളുടെ സിന്ദൂരം നെറ്റിയില്‍ നിന്ന് മായിച്ചവരോട് പകരം ചെയ്യാന്‍ നമ്മള്‍ അവരുടെ സഹോദരിയെ തന്നെ നിയോഗിച്ചുവെന്നായിരുന്നു വിവാദ വിഡിയോയില്‍ മന്ത്രി പറഞ്ഞത്. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് തിരിച്ചറിഞ്ഞതോടെ 'സഹോദരി സോഫിയ അടക്കം സൈന്യത്തിലുള്ള എല്ലാവരോടും തനിക്ക് സ്നേഹ ബഹുമാനങ്ങളാണ്' ഉള്ളതെന്നായിരുന്നു വിജയ് ഷാ വിശദീകരിച്ചത്. ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി മാധ്യമങ്ങളിലെത്തിക്കാന്‍ സൈന്യം നിയോഗിച്ചവരില്‍ ഒരാളായിരുന്നു കേണല്‍ സോഫിയ ഖുറേഷി.
വിജയ് ഷായ്ക്കെതിരെ കേസെടുക്കാനും തുടര്‍ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി അനുവാദം നല്‍കിയതിന് പിന്നാലെയാണ് മാപ്പുപറച്ചില്‍. വിജയ് ഷായുടെ വാക്കുകളെ പാര്‍ട്ടി നേതൃത്വവും തള്ളിയിരുന്നു. കേസെടുക്കാന്‍ ജബല്‍പുര്‍ ഹൈക്കോടതിയും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തരംതാണ ഭാഷയാണ് മന്ത്രി പ്രയോഗിച്ചതെന്നും ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ദേശീയ ഐക്യം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനുള്ള വകുപ്പും ചുമത്തണമെന്നും കോടതി മധ്യപ്രദേശ് പൊലീസ് ചീഫിന് നിര്‍ദേശം നല്‍കിയിരുന്നു.
കടുത്ത വിമര്‍ശനമാണ് ബിജെപി മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നേതാക്കളും സമൂഹമാധ്യമങ്ങളും ഉയര്‍ത്തിയത്. ബിജെപി മന്ത്രിയുടെ വാക്കുകളെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജയ്റാം രമേശ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ മന്ത്രിസ്ഥാനത്ത് നിന്ന് വിജയ് ഷായെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി–ആര്‍എസ്എസ് മനോഭാവം തന്നെ സ്ത്രീ വിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ സഹിതം ചൂണ്ടിക്കാട്ടി ഖര്‍ഗെ പറഞ്ഞു.
വിജയ് ഷായുടെ പ്രസ്താവനയെ ദേശീയ വനിതാ കമ്മിഷനും അപലപിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി , വിജയ് ഷായെ വിഡ്ഡിയെന്നാണ് വിളിച്ചത്. ഇന്‍ഡോറിലും ഭോപ്പാലിലുമടക്കം മന്ത്രിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സോഫിയ ഖുറേഷി ഇന്ത്യയുടെ പെണ്‍പുലിയാണെന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.