സി.പി.ഐ പുറത്താക്കിയ നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഇന്ന് ഉച്ചയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി മുകുന്ദന്‍ അംഗത്വം സ്വീകരിച്ചു. നേരത്തേ സ്വതന്ത്രനായി മല്‍സരിക്കാനാണ് തീരുമാനം എന്നായിരുന്നു മുകുന്ദന്‍ അറിയിച്ചിരുന്നത്.
മുകുന്ദന് യുഡിഎഫ് പിന്തുണ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നാട്ടികയില്‍ മുകുന്ദനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷവുമുണ്ടായിരുന്നു. സി.പി.ഐയിലെ സ്ക്രാപ്പ് കോണ്‍ഗ്രസിനു വേണ്ടെന്നായിരുന്നു പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചിരുന്നത്. ഒടുവില്‍ കോണ്‍ഗ്രസ് കൈവിട്ടതിന് പിന്നാലെയാണ് സി.സി.മുകുന്ദന്‍ ബിജെപിയിലേക്ക് എത്തുന്നത്.
ചോര്‍ന്നൊലിക്കുന്ന തന്‍റെ വീട് നേരെയാക്കി തരാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ ചതിച്ചെന്ന് സി.സി.മുകുന്ദന്‍ ആരോപിച്ചിരുന്നു. സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, മുന്‍ എം.എല്‍.എയും നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥിയുമായ ഗീത ഗോപിയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അച്ചടക്കം ലംഘിച്ചതിന്‍റെ പേരില്‍ പാര്‍ട്ടി മുകുന്ദനെ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയത്.