congress-flag

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഒഡീഷയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ദിലീപ് റോയിക്കാണ് മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടു ചെയ്തത്. ബിഹാറില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നതോടെ ആര്‍ജെഡി സ്ഥാനാര്‍ഥിയുടെ വിജയ സാധ്യത ഇല്ലാതായി. പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള 37 രാജ്യസഭാ സീറ്റുകളിലേക്കാണ് ‌തിരഞ്ഞെടുപ്പ് നടക്കുന്നത്.

എംഎൽഎമാരായ രമേശ് ജെന, ദശരഥി ഗൊമാംഗോ, സോഫിയ ഫിർദൗസ് എന്നിവർ പാര്‍ട്ടി വിപ്പ് ലംഘിച്ചു ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതായി ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരൺ ദാസ് പറഞ്ഞു. ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതായി ബിജെഡിയുടെ ബങ്കി എംഎൽഎ ദേവി രഞ്ജൻ ത്രിപാഠിയും വ്യക്തമാക്കി.

മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനും ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളാണ് ബിഹാറിലെ അഞ്ചു രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിക്കുന്നത്. ഒരു സീറ്റിലാണ് ജയപ്രതീക്ഷയോടെ ആര്‍ജെഡി മത്സരിക്കുന്നത്. ബിഹാറില്‍ ഒരു രാജ്യസഭാ സീറ്റ് ജയിക്കാന്‍ 41 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ 25 ആര്‍ജെഡി എംഎല്‍എമാര്‍ അടക്കം ഇന്ത്യ സഖ്യത്തിന് ആകെ 35 എംഎൽഎമാരുണ്ട്. അഞ്ച് എഐഎംഐഎം എംഎല്‍എമാരുടെ പിന്തുണയ്ക്കൊപ്പം ഏക ബിഎസ്പി എംഎല്‍എയുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമെ ആര്‍ജെഡി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ സാധിക്കുകയുള്ളൂ.

സഖ്യത്തിലില്ലാത്ത എഐഎംഐഎം, ബിഎസ്പി എംഎല്‍എമാര്‍ ആര്‍ജെ‍ഡി സ്ഥാനാര്‍ഥി അമരേന്ദ്ര ധാരി സിങിന് വോട്ടു ചെയ്തെങ്കിലും കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരും ആർജെഡിയുടെ ഒരു എംഎല്‍എയും വിട്ടുനിന്നു. ഇതോടെ ആര്‍ജെഡി സ്ഥാനാര്‍ഥി ജയിക്കാനുള്ള സാധ്യത ഇല്ലാതായി. ആകെ 37 സീറ്റുകളിൽ 26 സ്ഥാനാർത്ഥികൾ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ബിജെപിയിൽ നിന്ന് ഏഴ് പേരും കോൺഗ്രസിൽ നിന്ന് അഞ്ച് പേരും ഉൾപ്പെടുന്നു. ബാക്കിയുള്ള 11 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ബീഹാർ (5), ഒഡീഷ (4), ഹരിയാന (2) എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു.

ENGLISH SUMMARY:

Rajya Sabha Elections saw unexpected twists as Congress MLAs in Odisha voted for a BJP-backed independent candidate, Dilip Roy. This move, along with Congress abstentions in Bihar, significantly impacted the prospects of RJD candidates in the elections for 37 Rajya Sabha seats across ten states.