ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ നിസാംപൂരില്‍ ആഘോഷരാവാണ്. കഴിഞ്ഞാഴ്ച പുറത്തുവന്ന യുപിയിലെ പത്താംതരം പരീക്ഷഫലത്തില്‍ ബരാബങ്കിയിലെ രാം കെവലും വിജയിച്ചിട്ടുണ്ട്. 99 ശതമാനത്തിന് മുകളില്‍ വിജയശതമാനം വരുന്ന കേരളത്തിലിരുന്ന് ഇതെന്ത് പ്രത്യേകത എന്ന് ആലോചിച്ചേക്കാം. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ബാരബങ്കിയില്‍ നിന്നൊരു വിദ്യാര്‍ഥി പത്താം തരം പാസാകുന്നത്.
300 ഓളം പേര്‍ താമസിക്കുന്ന ചെറിയ ഗ്രാമം. ഭൂരിഭാഗവും ദളിത് വിഭാഗക്കാര്‍. അന്നന്നത്തെ അന്നത്തിന് പൊരുതുന്ന കുടുംബങ്ങളില്‍ വിശപ്പിന് മുന്നില്‍ പഠനം പലപ്പോഴും മാറിനില്‍ക്കും. ഈ സാഹചര്യത്തിലാണ് റാമിന്‍റെ വിജയത്തിന് തിളക്കമേറുന്നത്. കൂലിപ്പണിക്കാരനായ ജഗദീഷും പ്രൈമറി സ്കൂള്‍ പാചകക്കാരിയായ പുഷ്പയുമാണ് രാമിന്‍റെ മാതാപിതാക്കള്‍. ഇവരുടെ പിന്തുണയ്ക്കൊപ്പം സ്വന്തം മനക്കരുത്തിലാണ് രാം വിജയം നേടിയത്.
കുടുംബത്തിലെ മൂത്തവനായതിനാല്‍ ചിലവുകളുടെ ഉത്തരവാദിത്വം ഒരുവഴിക്ക്, പഠനം മറ്റൊരു വഴിക്ക്. 'കല്യാണ വീടുകളില്‍ ലൈറ്റടിക്കാന്‍ പോകും, ദിവസം 250-300 രൂപ ലഭിക്കും', കിട്ടുന്ന സമയം കുടുംബം പോറ്റാന്‍ പണിയെടുത്തതിന് ശേഷമാണ് രാം പഠിക്കാനിരിക്കുക. 'വൈകി വീട്ടിലെത്തിയാലും വീട്ടിലെ സോളാര്‍ വെളിച്ചത്തിലിരുന്ന രണ്ട് മണിക്കൂര്‍ പഠിക്കും, ഗ്രാമത്തിലെ പലരും കളിയാക്കും, നീ ഹൈസ്ക്കൂള്‍ പാസാകില്ലെന്ന് പറയും. അവരുടെ തോന്നലുകള്‍ തെറ്റാണെന്ന് ബോധിപ്പിക്കാന്‍ എനിക്ക് സാധിക്കുമെന്ന് ഉറപ്പായിരുന്നു' എന്നും രാം പറഞ്ഞു.
രണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ ഗ്രാമത്തിലുണ്ടെങ്കിലും നേരത്തെ പത്താം തരം വിജയം വന്നത് 78 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അങ്ങനെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ പത്താം ക്ലാസ് വിജയിയായി രാം മാറി. സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞ രാം എന്‍ജിനീയറാകണമെന്ന തന്‍റെ ആഗ്രഹവും മറച്ചുവച്ചില്ല. പക്ഷെ 10 പാസായി എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ തന്നെയാണ് ഈ 15 കാരന്‍. രാംകെവലിന്റെ നേട്ടത്തിന് ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി ഞായറാഴ്ച അദ്ദേഹത്തെ ആദരിച്ചിരുന്നു. പഠനത്തിന് എല്ലാ സഹായവും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.
രാമിന്‍റെ വിജയം ഗ്രാമത്തിലാകെ പ്രചോദനമാണ്. ഈ വർഷം പരീക്ഷ പാസാകാൻ കഴിയാത്ത ഗ്രാമത്തില്‍ നിന്നുള്ള ലവ്‌ലേഷ്, മുകേഷ് എന്നിവര്‍ രാമില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് 10–ാം തരം കടക്കുമെന്ന പ്രതിജ്ഞയെടുത്തിട്ടുണ്ട്.