പത്തുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി സ്യൂട്ട്കെയ്സിലാക്കി അമ്മയുടെ കാമുകന്‍. ഗുവാഹത്തിയിലാണ് സംഭവം. ട്യൂഷനു പോയ മകന്‍ തിരിച്ചെത്തിയില്ലെന്ന അമ്മ ദിപാലി രാജ്ബോങ്ഷി പരാതിയെത്തുടര്‍ന്നാണ് പൊലീസ് സംഭവം അന്വേഷിച്ചത്. അന്വേഷണത്തില്‍ ദിപാലി ഭര്‍ത്താവില്‍ നിന്നും രണ്ടു മാസങ്ങളായി പിരിഞ്ഞുകഴിയുകയാണെന്നും മറ്റൊരാളുമായി പ്രണയത്തിലാണെന്നും കണ്ടെത്തിയത്. കാമുകനായ ജിത്തുമോനി ഹലോയിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കുട്ടിയുടെ അമ്മ ദിപാലി രാജ്ബോങ്ഷി കഴിഞ്ഞ ഞായറാഴ്ച്ചയാണ് പത്തുവയസുകാരനായ മകന്‍ മൃണ്‍മോയ് ബര്‍മനെ കാണാനില്ലെന്ന പരാതി ദിസ്പൂര്‍ പൊലീസില്‍ നല്‍കിയത്. ഇതിനിടെയാണ് മൃതദേഹം ഉപേക്ഷിച്ച ബസിസ്ഥ മേഖലയിലെ പ്രദേശവാസികള്‍ റോഡിനു സമീപത്തായി സ്യൂട്ട് കെയ്സ് കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് ജിത്തുമോനിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
ട്യൂഷനു പോയ കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് ബൈക്കില്‍ കയറ്റി ബസിസ്ഥയിലേക്ക് കൊണ്ടുപോവുകയും സാഹചര്യം വന്നപ്പോള്‍ കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അമ്മയുടെ മുന്‍പില്‍വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കെയ്സിലിട്ട് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിച്ചതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യംചെയ്യല്‍ തുടരുകയാണ്. കുട്ടിയുടെ പിതാവ് രാജീവ് ബര്‍മന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.