tamilnadu-bjp

തമിഴ്നാട്ടില്‍ ബിജെപി നേതാവിന്റെ തലയറുത്തു. തഞ്ചാവൂരിനടുത്തുവച്ച് തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. 38കാരിയായ ബി. ശരണ്യ എന്ന നേതാവിനെയാണ് ഒരു സംഘമാളുകള്‍ ആയുധമുപയോഗിച്ച് ആക്രമിച്ചത്. 2022ല്‍ മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ കാറിലേക്ക് ചെരുപ്പെറിഞ്ഞ കേസില്‍ ആരോപണവിധേയയാണ് ശരണ്യ. 

ശരണ്യയുടെ ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ മകനുള്‍പ്പെടെ മൂന്നുപേര്‍ സംഭവവുമായി ബന്ധപ്പെട്ട് മധുരൈ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. അതേസമയം സംഭവത്തിനു പിന്നില്‍ രാഷ്ട്രീയവിഷയങ്ങളല്ലെന്നും കുടുംബപരമായ പ്രശ്നങ്ങളാണ് കാരണമെന്നും പൊലീസ് പറയുന്നു. മധുരൈ സ്വദേശിയായ ശരണ്യ ഭര്‍ത്താവ് ബാലനൊപ്പം തഞ്ചാവൂരിലാണ് താമസം. ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്ന ശരണ്യ ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. 

2022ല്‍ മന്ത്രിയെ ആക്രമിച്ച കേസുമായി ഈ സംഭവത്തിനു ബന്ധമില്ലെന്നും തീര്‍ത്തും കുടുംബപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ബിജെപി വനിതാവിങ്ങിന്റെ മധുരൈയിലെ സെക്രട്ടറിയായിരുന്നു ശരണ്യ. ആയിടെയാണ് ചെരുപ്പേറ് കേസില്‍ ശരണ്യയുള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റിലാകുന്നത്. ആദ്യ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം 2023ലാണ് ശരണ്യ ബാലനെ വിവാഹം ചെയ്തത്. ശരണ്യയുടെ രണ്ടു ആണ്‍മക്കള്‍ക്കൊപ്പമാണ് ഇവര്‍ തഞ്ചാവൂരിലെ ഉദയസൂര്യപുരത്ത് താമസിച്ചുവന്നത്. ഫോട്ടോഷോപ്പ് കടയ്ക്കൊപ്പം ഒരു ട്രാവല്‍ ഏജന്‍സിയും നടത്തിവരികയായിരുന്നു ദമ്പതികള്‍. തിങ്കളാഴ്ച രാത്രി 9ന് കടയടച്ച് തിരിച്ചുവരും വഴിയാണ് മൂന്നുപേര്‍ ചേര്‍ന്ന് ശരണ്യയെ ആക്രമിച്ചത്. ഏറെനേരമായിട്ടും ശരണ്യ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വഴിയില്‍ തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

കൊലപാതകവുമായി ബന്ധപ്പെട്ട് ബി കപിലന്‍, പാര്‍ഥിപന്‍, ഗുഗന്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.  ഇതില്‍ കപിലന്‍ ശരണ്യയുടെ ഭര്‍ത്താവ് ബാലന്റെ ആദ്യവിവാഹത്തിലെ മകനാണ്. ബാലന്റെ സ്വത്തിന്റെ ഭാഗം കപിലനു നല്‍കുന്നതില്‍ ശരണ്യയ്ക്കുള്ള എതിര്‍പ്പാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ബിജെപി മഹിളാമോര്‍ച്ച ദേശീയ പ്രസിഡന്റും എംഎല്‍എയുമായ വനതി ശ്രീനിവാസന്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. തമിഴ്നാട് സര്‍ക്കാരിന്റെ കീഴില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും എംഎല്‍എ എക്സില്‍ കുറിച്ചു. 

ENGLISH SUMMARY:

BJP leader beheaded in Tamil Nadu. The incident took place near Thanjavur on Monday night. The victim was 38-year-old B. Sharanya, who was attacked by a group using weapons. Sharanya was an accused in a 2022 case involving throwing a slipper at Minister Palanivel Thiaga Rajan’s car.