പ്രതീകാത്മക ചിത്രം
നിയന്ത്രണം വിട്ട ബൈക്ക് ബസിലേക്ക് ഇടിച്ചു കയറി യുവാവിന്‍റെ കൈ അറ്റു. മുംബൈ അന്ധേരിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഇസ്മായില്‍ സുറത്വാല എന്നയാളുടെ കൈ ആണ് അറ്റുപോയത്. ട്രാഫിക് സിഗ്നല്‍ പോയിന്‍റില്‍ വച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇടറോഡില്‍ നിന്നും പ്രധാന പാതയിലേക്ക് സിഗ്നല്‍ വകവയ്ക്കാതെ ഇസ്മായില്‍ ബൈക്ക് എടുത്തുവെന്നും ബസിലേക്ക് ഇടിച്ചു കയറിയെന്നും ദൃക്സാക്ഷികളും പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ അടിയിലേക്ക് ഇസ്മായില്‍ വീഴുകയായിരുന്നു.
ബസിന്‍റെ പിന്‍ചക്രം കൈയിലൂടെ കയറിയിറങ്ങി. വേര്‍പെട്ട കൈയുമായി ഉടന്‍തന്നെ ഇസ്മായിലിനെ ആശുപത്രിയില്‍ എത്തിച്ചു. ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ് ഇസ്മായില്‍. അപകടത്തില്‍പ്പെട്ട ബസ് പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍റേതാണ് ബസ്.