പാര്‍ക്ക് ചെയ്തിരിക്കുന്ന സ്കൂട്ടറില്‍ കയറി ആ സ്കൂട്ടര്‍ ഓടിച്ചുപോകുന്ന ‘കാള’യെ കണ്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊരു ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ നിന്നുള്ളതാണ് ദൃശ്യം. ആളൊഴിഞ്ഞ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു കാള പെട്ടെന്ന് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ കയറുന്നതും അതില്‍ ഇരുന്ന് കാലുകൾ കൊണ്ട് മുന്നോട്ട് തള്ളുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഡെറാഡൂണിലെ ഗുമാനിവാല എന്ന ജനവാസ മേഖലയില്‍ മെയ് 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. വെള്ള നിറത്തിലുള്ള ഹീറോ മാസ്ട്രോയാണ് കാള ‘ഡ്രൈവ്’ ചെയ്തത്. മുന്‍കാലുകള്‍ മുന്നോട്ടും പിന്‍കാലുകള്‍ നിലത്ത് തട്ടുന്ന രീതിയിലുമാണ് കാള ഇരുന്നത്. പെട്ടെന്ന് കണ്ടാല്‍ ഒരു മനുഷ്യന്‍ ഇരിക്കുന്നപോലെ തന്നെ. അപ്രതീക്ഷിതമായി ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയായിരുന്നു. കണ്ടാല്‍ കാള വാഹനം ഓടിക്കുന്നതുപോലെ തന്നെ! ഒടുവില്‍ സ്കൂട്ടർ ഒരു മതിലിൽ ഇടിച്ചതോടെയാണ് ഈ ‘കാളയുടെ സ്കൂട്ടര്‍ യാത്ര’ അവസാനിക്കുന്നത്. ട്രാൻസ്‌ഫോർമറിൽ നിന്ന് മീറ്ററുകൾ അകലെയാണ് കാള യാത്ര അവസാനിപ്പിച്ചത്.
പിന്നാലെ കാള സ്കൂട്ടറില്‍ നിന്ന് വീഴുകയും ചെയ്യുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ്. പിന്നാലെ കമന്‍റുകളുമായി ആളുകളുമെത്തി. കാളയുടെ സ്കൂട്ടർ 'ടെസ്റ്റ് ഡ്രൈവ്’ എന്നാണ് ആളുകള്‍ കമന്‍റ് ചെയ്യുന്നത്. ‘പല തരത്തിലുള്ള സ്കൂട്ടര്‍ മോഷണം നിങ്ങള്‍ കണ്ടിട്ടുണ്ടാകും, പക്ഷേ ഋഷികേശിലെ സ്കൂട്ടി മോഷ്ടാവിന്റെ കാര്യം വ്യത്യസ്തമാണ്’ മറ്റൊരാള്‍ കുറിച്ചു. എന്നിരുന്നാലും സംഭവത്തിന് പിന്നാലെ കന്നുകാലികള്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് തടയണമെന്ന് പ്രദേശവാസികള്‍ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.