ലൈറായി സത്രയുടെ ഭാഗമായുള്ള തീക്കനല്‍ നടത്തം (ഫയല്‍ ചിത്രം)
ഗോവയിലെ ഷിര്‍ഗാവോ ലൈറായ് ദേവി ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴ് മരണം. 30 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഘോഷയാത്രക്കിടെ ജനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് പരിഭ്രാന്തി ഉണ്ടാകുകയും പിന്നാലെ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍നിന്ന് ഭക്തര്‍ പുറത്തുകടക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്തുകൊണ്ടാണ് ജനം പരിഭ്രാന്തരായതെന്ന് വ്യക്തമല്ല. ജനക്കൂട്ടം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ അഭാവമാണ് സ്ഥിതി വഷളാക്കിയത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരും അടിയന്തര സംവിധാനങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജിഎംസി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് എക്സില്‍ കുറിച്ചു.
ഷിര്‍ഗാവിലെ ശ്രീ ലൈറായ് ദേവീ ക്ഷേത്രത്തിലെ ലൈറായ് സത്ര എന്നറിയപ്പെടുന്ന ഉല്‍സവത്തിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയാണ് ഉല്‍സവം ആരംഭിച്ചത്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. ആയിരക്കണക്കിന് ഭക്തർ കത്തുന്ന തീക്കനലുകളിലൂടെ നഗ്നപാദരായി നടക്കുന്ന ആചാരമാണ് ലൈരായ് സത്രയുടെ പ്രത്യേകത.