അമ്മയുടെ കൈയ്യിലിരിക്കെ വഴുതിപ്പോയ കുഞ്ഞ് 21–ാം നിലയില്‍ നിന്ന് താഴെ വീണുമരിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലാണ് സംഭവം. വിക്കി–പൂജ ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ബൊലിഞ്ച് ടൗണ്‍ഷിപ്പിലെ ജോയ് വില്ലയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് അപകടം സംഭവിച്ചത്. കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്നതിനിടെ തുറന്നിട്ട ജനാലയ്ക്കരികില്‍ നിന്ന് വാതിലടയ്ക്കുകയായിരുന്നു പൂജ. നിലത്ത് കിടന്ന വെള്ളത്തില്‍ ചവിട്ടി പൂജയുടെ നിലതെറ്റിയതോടെ കുഞ്ഞ് കയ്യില്‍ നിന്ന് വഴുതിപ്പോകുകയും തുറന്നിട്ട ജനലിലൂടെ താഴേക്ക് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ അപകടമരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിക്കിക്കും പൂജയ്ക്കും കുഞ്ഞ് ജനിച്ചത്. ഏഴാം മാസം പൂര്‍ത്തിയാക്കി പിറ്റേ ദിവസമാണ് ദാരുണസംഭവമുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. വിക്കി ജോലിക്ക് പോയിരുന്നുവെന്നും വീട്ടില്‍ മകനെ കാണാനെത്തിയ ബന്ധുക്കള്‍ പോയതിന് പിന്നാലെ കതകടയ്ക്കാന്‍ പോയതായിരുന്നു പൂജയെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.