തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര സജീവമാക്കി ബിജെപി. ഇത്തവണ പ്രതിപക്ഷത്തു നിന്നുമാത്രമല്ല, സഖ്യകക്ഷിയായ ശിവസേനയിൽ നിന്നും പ്രവർത്തകരെ അടർത്തിയെടുക്കുന്ന നീക്കമാണ് ബിജെപി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ ഭാര്യ ഉൾപ്പെടെയുള്ളവരാണ് ആദ്യഘട്ടത്തിൽ ബിജെപിയിലേക്ക് ചേക്കേറിയത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും ഓപറേഷൻ താമര വിരിഞ്ഞു നിൽക്കുകയാണ്. പിന്നിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണെങ്കിലും മുന്നിൽ നിന്ന് നേതൃത്വം നൽകുന്നത് സംസ്ഥാന ബിജെപി അധ്യക്ഷൻ രവീന്ദ്ര ചൗഹാനാണ്. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് കോൺഗ്രസിനെ ഷോക്ക് ട്രീറ്റ്മെന്റ് നൽകികൊണ്ട് രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ രാജീവ് സാത്തവയുടെ ഭാര്യ പ്രജ്ഞ സാത്തവിനെ സ്വന്തം പാളയത്തിൽ എത്തിച്ചു തിരിച്ചടി നൽകിയത്.
ഓപ്പറേഷൻ താമര ഇത്തവണ പ്രതിപക്ഷ നേതാക്കന്മാരെ മാത്രമല്ല ഉന്നം വെച്ചിരിക്കുന്നത്, എൻഡിഎ മുന്നണിയിലെ ശിവസേന ഷിൻന്റ് വിഭാഗത്തെയും, എൻസിപി അജിത് പവാർ വിഭാഗത്തെയും കൂടിയാണ്. ഇതോടെ മഹായുതി സഖ്യം പൊട്ടിത്തെറിയുടെ വക്കിലാണ്. ഈ നീക്കത്തിനെതിരെ രൂക്ഷമായാണ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതികരിച്ചിരുന്നതും. ഏതുവിധേനയും ബിഎംസി ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ അധികാരത്തിൽ വരിക എന്ന ലക്ഷ്യമാണ് ബിജെപി ഉള്ളത്.