Image: Meta AI
കൈയ്യില്‍ ഡ്രിപ്പുമിട്ട് പ്രസവിക്കാറായ സ്ത്രീ ആശുപത്രിയിലേക്ക് നടന്നെത്തിയ സംഭവത്തില്‍ വന്‍ രോഷം. ഹരിയാനയി റോഹ്തകിലാണ് സംഭവം. പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ ആംബുലന്‍സിന് ആരും വഴി നല്‍കാതിരുന്നതോടെയാണ് രണ്ട് ജീവനുകളുമായി യുവതി ആശുപത്രിയിലേക്ക് നടന്നെത്തിയത്. 20 മിനിറ്റോളം ആശുപത്രി പരിസരത്ത് ആംബുലന്‍സ് കാത്തുകിടന്നിട്ടും സെക്യൂരിറ്റിയോ മറ്റുള്ളവരോ വഴി നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് യുവതി ഡ്രിപുമായി ഇറങ്ങി നടക്കുകയായിരുന്നു.
പൊലീസ് വാഹനമടക്കം മാര്‍ഗതടസം സൃഷ്ടിച്ച് മുന്നിലുണ്ടായിരുന്നുവെന്നും ആശുപത്രിയില്‍ വിവരമറിയിച്ചിട്ടും ഡോക്ടര്‍മാരോ അധികൃതരോ അത്യാസന്ന നിലയിലുള്ള യുവതിയെ അകത്തേക്ക് എത്തിക്കാന്‍ വേണ്ട സഹായം ചെയ്തില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ അമിത് ശര്‍മ പറയുന്നു. യുവതിയുടെയും കുഞ്ഞിന്‍റെയും ജീവന്‍ അപകടത്തിലാണെന്ന് ഉറപ്പിച്ചതോടെയാണ് ഡ്രിപുമെടുത്ത് നടക്കാമെന്ന സാഹസത്തിന് മുതിര്‍ന്നതെന്നും 100 മീറ്ററോളം നടന്ന യുവതി ഒടുവില്‍ ഓട്ടോറിക്ഷയില്‍ കയറിയാണ് ആശുപത്രിയില്‍ എത്തിയതെന്നും അമിത് കൂട്ടിച്ചേര്‍ത്തു.
ജാജറിലെ താലൂക്ക് ആശുപത്രിയിലാണ് ഭാര്യയെ താന്‍ ആദ്യം എത്തിച്ചതെന്ന് ഭര്‍ത്താവ് കുല്‍ദീപ് പറയുന്നു. സ്ഥിതി സങ്കീര്‍ണമെന്ന് കണ്ടതോടെ പിജിഐ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തു. ആംബുലന്‍സില്‍ പിജിഐ ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആളുകളുടെ നിസഹകരണം കാരണം വഴിയില്‍ കുടുങ്ങിയത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.