Image Credit: X/qz
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവറില്ലാക്കാറില്‍ പ്രസവിച്ച് യുവതി. കലിഫോര്‍ണിയ സര്‍വകലാശാലയിലെ സന്‍ഫ്രാന്‍സിസ്കോ മെഡിക്കല്‍ സെന്‍ററിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവ വേദന ആരംഭിച്ചത്. യുവതിക്ക് അസ്വസ്ഥത തുടങ്ങിയതിന് പിന്നാലെ കാറിലെ റൈഡര്‍ സപ്പോര്‍ട്ട് സംവിധാനത്തില്‍ നിന്ന് 'കാറില്‍ അസ്വാഭാവിക സംഭവ'മെന്ന സന്ദേശം കാര്‍ കമ്പനിക്ക് പോയി. തുടര്‍ന്ന് കമ്പനി പ്രതിനിധി യുവതിയെ വിളിക്കുകയും എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
കാറിനുള്ളില്‍ യുവതി പ്രസവിച്ച വിവരം വെയ്മോയും തങ്ങളുടെ ബ്ലോഗില്‍ പങ്കുവച്ചിട്ടുണ്ട്. 'ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യുവതി കാറിനുള്ളില്‍ പ്രസവിച്ചു. ഒരു സര്‍പ്രൈസ് കൂടിയുണ്ടായിരുന്നു. കാറിന്‍റെ പിന്‍ സീറ്റിലാണ് കുഞ്ഞിരുന്നത്. ചിലര്‍ക്ക് അവരുടെ ആദ്യ വെയ്മോ യാത്രയ്ക്കായി ഒട്ടും കാത്തിരിക്കാന്‍ വയ്യ' എന്നായിരുന്നു കുറിപ്പ്. അമ്മയെയും നവജാത ശിശുവിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ കാര്‍ സര്‍വീസ് സെന്‍ററിലേക്ക് പോകുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡ്രൈവറില്ലാക്കാറുകള്‍ അമേരിക്കയില്‍ വെയ്മോ പുറത്തിറക്കിയിട്ട് കുറച്ചു നാളായി. സന്‍ഫ്രാന്‍സിസ്കോ, സിലക്കണ്‍ വാലി, ലോസ് ഏയ്ഞ്ചല്‍സ്, ഫീനിക്സ് എന്നിവിടങ്ങളിലാണ് നിലവില്‍ സര്‍വീസ് ലഭ്യമായിട്ടുള്ളത്. ഓണ്‍ലൈന്‍ ഡ്രൈവര്‍ലെസ് ടാക്സികളെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്.
അതേസമയം, ഡ്രൈവറില്ലാക്കാറുകള്‍ അബദ്ധം കാണിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അനധികൃതമായി യു– ടേണ്‍ എടുത്ത ഡ്രൈവറില്ലാക്കാര്‍ ചില്ലറ പൊല്ലാപ്പല്ല ഉണ്ടാക്കിയത്. നിലവിലെ നിയമത്തില്‍ ഈ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് പൊലീസുകാര്‍ വ്യക്തമാക്കിയത് വലിയ ചര്‍ച്ചകള്‍ക്കും വഴി വച്ചു.