screengrab from instagram.com/anishbhagatt
കൗമാരക്കാരിയായിരിക്കെ ലൈംഗികത്തൊഴിലിനായി അമ്മാവന്‍ ചതിയില്‍പ്പെടുത്തി വിറ്റുകളഞ്ഞ യുവതി, രക്ഷപെട്ട് സ്വന്തം വീട്ടിലേക്ക് 15 വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തി. നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വന്തം വീട്ടിലേക്കെത്തിയ യുവതിയെ പക്ഷേ കുടുംബം ആട്ടിപ്പായിച്ചു. അനിഷ് ഭഗത്തെന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് സമൂഹ മാധ്യമത്തിലൂടെ യുവതിയുടെ കരളയിക്കുന്ന കഥ ലോകത്തോട് വെളിപ്പെടുത്തിയത്.
വാക്കുകളെല്ലാം നഷ്ടമായ അവസ്ഥയിലാണ് ഞാന്‍, ഇത്തരമൊരു അവസ്ഥ കാണേണ്ടി വന്നത് തന്നെ ഹൃദയഭേദകമാണെന്ന കുറിപ്പോടെയാണ് യുവതിയുടെ കഥ വിവരിച്ചത്. ' 15 വര്‍ഷങ്ങള്‍ കടന്നുപോയി, പക്ഷേ ആളുകളുടെ മുന്‍വിധികള്‍ അത് മാറ്റമില്ലാതെ തുടരുകയാണ്. ഒന്ന് ചേര്‍ത്തുപിടിക്കുമെന്നും സ്വീകരിക്കുമെന്നും കരുതിയാണ് അവള്‍ രക്ഷപെട്ടോടി വീട്ടിലേക്ക് എത്തിയത്. പക്ഷേ അവളുടെ നേരിനെക്കാള്‍ വീട്ടുകാര്‍ക്ക് വലിയത് നാട്ടുകാരാണ്. സ്വന്തം അറിവും സമ്മതവുമില്ലാതെ ലൈംഗികത്തൊഴിലിലേക്ക് എത്തിപ്പെട്ട പെണ്‍കുട്ടിയാണ് അവര്‍. അവരുടെ വേദന മാത്രം ആര്‍ക്കും കാണേണ്ടതില്ല. ചില കഥകള്‍ സ്നേഹാശ്ലേഷത്തില്‍ അവസാനിക്കുന്നതല്ല, എന്നിരുന്നാലും അവ പറയാതിരിക്കാനാവില്ലല്ലോ..' എന്നായിരുന്നു വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ അനിഷ് എഴുതിയത്.
പൊട്ടിക്കരഞ്ഞുകൊണ്ട് സങ്കടം പറയുന്ന യുവതിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുക. സാരി ഒരുപാടിഷ്ടമുള്ള അമ്മയ്ക്ക് സാരിയും സഹോദരന് വാച്ചുമായാണ് യുവതി എത്തിയത്. പക്ഷേ വീട്ടുകാര്‍ ആട്ടിപ്പായിക്കുകയായിരുന്നു. അതേസമയം, യുവതിയുടെ ബാല്യകാല സുഹൃത്തുക്കള്‍ ആഘോഷമായി അവളെ സ്വീകരിച്ചുവെന്നും മധുരപലഹാരങ്ങള്‍ നല്‍കിയെന്നും വിഡിയോയില്‍ പറയുന്നു.