AI Generated Image
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഖത്തടിച്ച മൂന്നാംക്ലാസ് വിദ്യാര്‍ഥിനിക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന് പരാതി. കുട്ടിയെ മൊറാദാബാദിൽ നിന്ന് വിദഗ്ധചികില്‍സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കാഴ്ച നഷ്ടപ്പെട്ട വിവരം സ്ഥിരീകരിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
ഒരു മാസം മുന്‍പാണ് സംഭവം. മകളുടെ ചികിത്സയ്ക്കായി സഹായം തേടി യുവതി ചൊവ്വാഴ്ച മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചപ്പോഴാണ് ക്രൂരത പുറത്തുവന്നത്. കുട്ടിയെ അടിച്ചത് ചോദ്യം ചെയ്തപ്പോള്‍ പ്രിന്‍സിപ്പല്‍ തന്നോടും മോശമായി പെരുമാറിയെന്ന് അമ്മ പറഞ്ഞു. പ്രിൻസിപ്പൽ മുഖത്ത് അടിച്ചതിന് പിന്നാലെ കുട്ടിക്ക് കടുത്ത അസ്വസ്ഥത ഉണ്ടായെന്നും വൈകാതെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തെന്നാണ് അമ്മയുടെ മൊഴി.
പെൺകുട്ടിക്ക് ഒപ്റ്റിക് അട്രോഫി എന്ന അവസ്ഥയുണ്ടായതായി മൊറാദാബാദിലെ നേത്രരോഗവിദഗ്ദ്ധനായ ഡോ. പി.കെ.പാണ്ഡെയുടെ റിപ്പോർട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നേത്ര നാഡിക്ക് തകരാര്‍ സംഭവിക്കുന്ന അവസ്ഥയാണിത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൊറാദാബാദിലെ ചീഫ് മെഡിക്കൽ ഓഫീസറോട് ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് തേടി. മൊറാദാബാദ് ബേസിക് ശിക്ഷാ അധികാരിയും സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പെൺകുട്ടിക്ക് നേരത്തേതന്നെ കണ്ണിന് അസുഖമുണ്ടായിരുന്നുവെന്നും സഹവിദ്യാർത്ഥിയുടെ ആക്രമണത്തില്‍ ഇത് ഗുരുതരമാകുകയായിരുന്നു എന്നുമാണ് ബേസിക് ശിക്ഷാ അധികാരി വിമലേഷ് കുമാര്‍ പ്രാഥമികാന്വേഷണത്തിനുശേഷം പറഞ്ഞത്. കൂടുതല്‍ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.