അടിച്ചു പൂസായി വിവാഹ വേദിയിലെത്തിയ വരന്‍റെ കരണം പൊളിച്ച് വധു. മദ്യലഹരിയില്‍ വധുവിന്‍റെ ഉറ്റസുഹൃത്തിനെ മാല അണിയിച്ചതോടെയാണ് വിവാഹവേദിയില്‍ അടിപൊട്ടിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് വിവാഹ വേദിയില്‍ അസാധാരണ സംഭവങ്ങള്‍ നടന്നത്.
26 കാരനായ രവീന്ദ്രകുമാറും 21 കാരി രാധ ദേവിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. സ്ത്രീധനത്തെ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വരന്‍ മദ്യപിച്ചാണ് വിവാഹവേദിയിലെത്തിയത്. വരന്‍റെ കുടുംബം പറഞ്ഞതില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു എന്ന് പൊലീസ് എഫ്ഐആറിലുണ്ട്.
വിവാഹത്തിന് മുന്‍പ് രണ്ടര ലക്ഷം രൂപയും വിവാഹദിവസം രാവിലെ രണ്ട് ലക്ഷവും നല്‍കിയിരുന്നു. ഇത് പോരെന്നായിരുന്നു വരന്‍റെ കുടുംബത്തിന്‍റെ നിലപാട്. വിവാഹത്തോട് താല്‍പര്യമില്ലാതിരുന്ന രവീന്ദ്ര കുമാര്‍ മദ്യപിച്ച് വിവാഹവേദിയിലെത്തുകയും വധുവിന്‍റെ കുടുംബത്തോട് മോശമായി പെരുമാറുകയും ചെയ്തു.
ഇതിന്‍റെ തുടര്‍ച്ചയായാണ് മാല ചാര്‍ത്തുന്നതിനിടെ ആളുമാറി വധുവിന് അടുത്ത് നിന്ന സുഹൃത്തിനെ മാലയണിയിച്ചത്. ഇതോടെ വധുവായ രാധ ദേവിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വരന്‍റെ മുഖത്തടിച്ച് രാധ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇതിനുപിന്നാലെ ഇരുകുടുംബങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പരസ്പരം കസേര വലിച്ചെറിയുകയും ചെയ്തു. പൊലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടതിനും വധുവിന്‍റെ വീട്ടില്‍ സംഘര്‍ഷമുണ്ടാക്കിയതിനും പൊലീസ് കേസെടുത്തു. വരനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.