man-murder-wife-maha-kumbh

മഹാകുംഭമേളയ്ക്ക് ഭാര്യയെ എത്തിച്ച് കൊലപ്പെടുത്തി കടന്ന ഡൽഹി സ്വദേശി അറസ്റ്റില്‍. ത്രിലോക്പുരി സ്വദേശിയായ അശോക് കുമാറാണ് പിടിയിലായത്. അശോകിന്‍റെ വിവാഹേതര ബന്ധങ്ങള്‍ എതിര്‍ത്തതിനാലാണ് ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുംഭമേളയാണ് തന്റെ ഭാര്യയെ ഒഴിവാക്കാനുള്ള മികച്ച അവസരമെന്ന് തിരിച്ചറിഞ്ഞ പ്രതി മാസങ്ങളായുള്ള ഗൂഢാലോചനയ്ക്കൊടുവിലാണ് കൃത്യം നടപ്പിലാക്കിയതെന്നും പൊലീസ് പറയുന്നു.

ചൊവ്വാഴ്ചയാണ് ഡൽഹിയിൽ നിന്ന് പ്രതിയും ഭാര്യ മീനാക്ഷിയും പ്രയാഗ്‌രാജിലെത്തി കെത്‌വാനയിലെ ആസാദ് നഗറിൽ മുറിയെടുക്കുന്നത്. അന്ന് രാത്രി ഭാര്യയുമായി വഴക്കിട്ട ഇയാള്‍ മീനാക്ഷിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയും മേള നടക്കുന്നയിടത്തെ ചവറ്റുകുട്ടകളില്‍ ഒന്നില്‍ നിക്ഷേപിച്ചു. ശേഷം പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ഭാര്യയെ കുംഭമേളയ്ക്കിടെ കാണാനില്ലെന്ന് പരാതി നല്‍കി മുങ്ങുകയായിരുന്നു. താനും ഭാര്യയും കുംഭമേളയില്‍ പങ്കെടുത്തെന്ന് തെളിയിക്കാനായി മേളയുടെ നിരവധി വിഡിയോകളും ഗംഗാ സ്നാനത്തിന്‍റെ വിഡിയോയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

മീനാക്ഷിക്കായുള്ള അന്വേഷണത്തിനിടെ പൊലീസ് ഹോട്ടലിലെ കുളിമുറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ പ്രതി ഹോട്ടലില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. മീനാക്ഷിയുടെ സഹോദരൻ പ്രവേശന്‍ കുമാറിനെയും മക്കളായ അശ്വാനി, ആദർശ് എന്നിവരെയും ബന്ധപ്പെട്ടാണ് മൃതദേഹം മീനാക്ഷിയുടേതെന്ന് പൊലീസ് സ്ഥീരീകരിക്കുന്നത്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വഴക്ക് പതിവാണെന്നും പൊലീസ് കണ്ടെത്തി.

ജുൻസി പൊലീസ്, സ്പെഷ്ൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി), പ്രയാഗ്‌രാജ് പൊലീസ് എന്നിവരുടെ സംയുക്ത സംഘം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസമായി പ്രതി ഭാര്യയെ കൊല്ലാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും കേസെടുത്തിട്ടുണ്ട്. ഡൽഹി നഗർ നിഗത്തിലെ ശുചിത്വ തൊഴിലാളിയാണ് അശോക് കുമാര്‍.

ENGLISH SUMMARY:

A Delhi resident was arrested for murdering his wife at the Maha Kumbh Mela in Prayagraj. Police revealed that he planned the crime for months to eliminate her due to objections to his extramarital affairs.