ബുധനാഴ്ച രാവിലെ കര്‍ണാടകയിലെ തുംഗഭദ്ര നദിയിലാണ് സംഭവം. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അനന്യമോഹന്‍ റാവു എന്ന 26കാരിയാണ് അപകടത്തില്‍പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാനാണ് അനന്യ കര്‍ണാടകയിലെ കൊപ്പാള്‍ ജില്ലയിലെ അന്നപൂര്‍ണയിലെത്തിയത്. ഹൈദരാബാദ് സ്വദേശിയാണ് ഡോക്ടര്‍.
സുഹൃത്തുക്കള്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഉയരമുള്ള പാറക്കെട്ടില്‍ നിന്ന് ഡോക്ടര്‍ അനന്യ നല്ല കുത്തൊഴുക്കുള്ള നദിയിലേക്ക് എടുത്തുചാടിയത്. ഒന്നര ദിവസമായി തിരച്ചില്‍ തുടരുകയാണെങ്കിലും കണ്ടെത്താനായിട്ടില്ല. സനപുരയിലെ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്ന അനന്യയും സുഹൃത്തുക്കളും തൊട്ടരികിലുള്ള തുംഗഭദ്ര നദിയുടെ പശ്ചാത്തലത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
പ്രദേശത്തിന്റെ ഭൂപ്രകൃതി പരിചയമില്ലാത്ത ഡോക്ടര്‍ ഉയര്‍ന്ന പാറക്കൂട്ടത്തില്‍ നിന്നാണ് നദിയിലേക്ക് ചാടിയത്. നദിയുടെ അടിത്തട്ടിലും അപായകരമായ പാറക്കൂട്ടങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. നീന്തല്‍ അറിയാമെങ്കിലും നല്ല ആത്മവിശ്വാസമുണ്ടെങ്കില്‍ പോലും പരിചിതമല്ലാത്ത ഭൂപ്രകൃതിയില്‍ കരുതല്‍ വേണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് നെറ്റിസണ്‍സ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.