പ്രതീകാത്മക ചിത്രം
ഉയര്‍ന്ന സ്ത്രീധനം നല്‍കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് യുവതിയുടെ ശരീരത്തില്‍ ഭര്‍തൃവീട്ടുകാര്‍ എച്ച്ഐവി വൈറസ് കുത്തിവച്ചെന്ന് പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുപ്പതുകാരിയുടെ പരാതിയില്‍ മീററ്റ് പൊലീസ് ക്രിമിനല്‍ കേസെടുത്തു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ശരണ്‍പുര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ സഹോദരന്‍, പെങ്ങള്‍, അമ്മായിയമ്മ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊലപാതക ശ്രമം, ഭര്‍തൃവീട്ടിലെ പീഡനം, കരുതിക്കൂട്ടിയുള്ള ഉപദ്രവം, ജീവഹാനി വരുത്താന്‍ ശ്രമിക്കല്‍, വിശ്വാസവഞ്ചന, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
2024 ല്‍ ഹരിദ്വാറില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. 2023 ഫെബ്രുവരിയിലാണ് യുവതി വിവാഹിതയായത്. 45 ലക്ഷം രൂപ യുവതിയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കി. എസ്യുവി കാറും 15 ലക്ഷം രൂപയുമാണ് സ്ത്രീധനമായി നല്‍കിയതെന്ന് യുവതിയുടെ പിതാവ് പറയുന്നു. ഇത് പോരെന്നും 10 ലക്ഷം രൂപ കൂടി വേണമെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ആവശ്യം.
വിവാഹപ്പിറ്റേന്ന് മുതല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് മകളെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് യുവതിയുടെ പിതാവ് പറയുന്നു. 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മകളെ ഉപേക്ഷിക്കുമെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്നുമായിരുന്നു ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും ഭീഷണി. 2023 മാര്‍ച്ച് 25 ആയപ്പോള്‍ മകളെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി. തുടര്‍ന്ന് നാട്ടുപഞ്ചായത്ത് ഇടപെട്ടാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തിരികെ ഭര്‍തൃവീട്ടിലെത്തിയ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. മേയ് മാസത്തില്‍ എച്ച്ഐവി ബാധിച്ചയാളെ കുത്തിയ സിറിഞ്ച് മകളുടെ മേല്‍ കുത്തിവച്ചുവെന്നും ഇതിന് പിന്നാലെ മകളുടെ ആരോഗ്യം ക്ഷയിച്ചുവെന്നും പിതാവ് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് മകള്‍ എയ്ഡ്സ് ബാധിതയാണെന്ന് അറിഞ്ഞതെന്നും ഭര്‍ത്താവിന് എച്ച്ഐവി ബാധയില്ലെന്ന് കണ്ടെത്തിയെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതേത്തുടര്‍ന്നാണ് യുവതിയുടെ കുടുംബം പരാതി നല്‍കിയതും കോടതിയെ സമീപിച്ചതും.