പ്രതീകാത്മക ചിത്രം , AI
മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയ ആള്‍ക്ക് വഴിയില്‍ വച്ച് ജീവന്‍ വച്ചതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ഹാവേരിയിലാണ് സംഭവം. കര്‍ഷകനായ ബിഷ്ടപ്പ ഗുഡിമണി(45)ക്കാണ് അതിശയകരമായി ജീവന്‍ തിരികെ കിട്ടിയത്.
ധര്‍വാഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബിഷ്ടപ്പ ആശുപത്രിയില്‍ വച്ചാണ് 'മരിച്ചത്'. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിനായി വീട്ടിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. വീട്ടിലെത്തുന്നതിന് മുന്‍പ് ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തിയപ്പോഴാണ് ബിഷ്ടപ്പയുടെ ശരീരം അനങ്ങുന്നത് പോലെയും ശ്വസിക്കുന്നത് പോലെയും കുടുംബാംഗങ്ങള്‍ക്ക് തോന്നിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് ബിഷ്ടപ്പയെ എത്തിച്ചു.
ബിഷ്ടപ്പയ്ക്ക് വീണ്ടും ജീവന്‍ വച്ചുവെന്ന വാര്‍ത്ത നാട്ടിലറിഞ്ഞതും മരണവീട്ടില്‍ സന്തോഷം അലയടിച്ചു. കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിറഞ്ഞ 'ഓം ശാന്തി' സന്ദേശങ്ങള്‍, 'ഗെറ്റ് വെല്‍ സൂണ്‍' സന്ദേശങ്ങള്‍ക്കും വഴിമാറി. വീട്ടിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ആദരാഞ്ജലി പോസ്റ്ററുകളും ആളുകള്‍ കീറി മാറ്റിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ദൈവത്തിന്‍റെ കരുണ കൊണ്ട് ബിഷ്ടപ്പയ്ക്ക് ജീവന്‍ തിരികെ കിട്ടിയെന്നും കുടുംബവും നാട്ടുകാരും സന്തോഷിക്കുന്നുവെന്നും ബിഷ്ടപ്പയുടെ ബന്ധു മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ബിഷ്ടപ്പയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരമായ കരള്‍ രോഗവും കടുത്ത ന്യുമോണിയയുമാണ് ബിഷ്ടപ്പയ്ക്കെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് നിലവില്‍ കഴിയുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.