ഗുജറാത്തില്‍ മണൽ നിറച്ച ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ നാല് പേർ മരിച്ചു. ബനസ്‌കന്ത ജില്ലയില്‍ തരാദ് ദേശീയപാതയിലായിരുന്നു അപകടം. റോഡരികില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മുകളിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഇവരോടൊപ്പമുള്ള രണ്ടു വയസുകാരിയും ട്രക്കിനടിയില്‍പ്പെടുകയായിരുന്നു. രേണുകബെൻ ഗനവ (24), സോണാൽബെൻ നിനാമ (22), ഇലബെൻ ഭാഭോർ (40), രുദ്ര (2) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ടോടെയാണം സംഭവം. അപകടമുണ്ടായ പ്രദേശത്ത് റോഡ് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തെ ഇടുങ്ങിയ വളവിലൂടെ ഡ്രൈവർ ട്രക്കുമായി വരുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മണ്ണുമാന്ത്രി യന്ത്രം എത്തിച്ചാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. നാലുപേരെയും സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരിച്ചവരെല്ലാം ദാഹോദ് ജില്ലയിൽ നിന്നുള്ളവരാണെന്നും ജോലിക്കായി പ്രദേശത്തേക്ക് എത്തിയവരാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടത്തില്‍ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.