AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
വെള്ളമെന്നു കരുതി ഡീസല്‍ കുടിച്ച ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ വടലൂര്‍ നരിക്കുരവര്‍ കോളനി സ്വദേശികളായ സുര്യ, സ്നേഹ ദമ്പതിമാരുടെ മകള്‍ മൈഥിലിയാണ് മരിച്ചത്. ഒന്നരവയസാണ് കുഞ്ഞിന് പ്രായം.
വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം. സ്നേഹ അടുക്കളയില്‍ പാചകത്തിലേര്‍പ്പെട്ട സമയം അടുക്കളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ് . വിറക് കത്തിക്കാന്‍ കുപ്പിയില്‍ ഡീസല്‍ സൂക്ഷിച്ചിരുന്നു. കളിക്കുന്നതിനിടെ കുഞ്ഞ് വെള്ളമെന്ന് കരുതി ഡീസല്‍ എടുത്തുകുടിച്ചു. കുഞ്ഞിന്‍റെ കയ്യില്‍ കുപ്പികണ്ടപ്പോള്‍ തന്നെ ഡീസല്‍ കുടിച്ചിട്ടുണ്ടാകാമെന്ന് സ്നേഹയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ കുറിഞ്ഞിപ്പടി ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ജനറല്‍ ആശുപത്രിയില്‍ നിന്ന് പ്രഥമശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ ചിദംബരത്തെ രാജ മുത്തയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞ് പീന്നീട് മരിച്ചു. എന്നാല്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കുഞ്ഞിന് മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കുട്ടിയുടെ പിതാവ് വടലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 194 പ്രകാരം സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.