ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തീരത്തേക്ക്. 30ന് പുലർച്ചെ വടക്കൻ തമിഴ്നാട്ടിൽ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശ്രീലങ്കയിൽ ശക്തമായ മഴ തുടരുകയാണ്. 56 മരണം റിപ്പോർട്ട് ചെയ്തു.
ചെന്നൈ തീരത്ത് നിന്നും 530 കിലോമീറ്റർ അകലെയാണ് നിലവിൽ ഡിറ്റ് വാ. മണിക്കൂറിൽ പത്ത് കിലോമീറ്ററാണ് വേഗം. തീരം തൊടുമ്പോൾ 60 മുതൽ 80 കിലോമീറ്റർ വരെ വേഗമുണ്ടാകും. നോർത്ത് തമിഴ് നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവാരൂർ, മയിലാടുതുറ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ശ്രീലങ്കയിൽ കനത്ത മഴ തുടരുകയാണ്. 56 പേർ മരിച്ചു. 21 പേരെ കാണാതായി. സർക്കാർ ഓഫിസുകളും സ്കൂളുകളും അടച്ചിട്ടു. 20,500 സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനുണ്ട്. .