image: x.com/CameramanTarun
ഹിന്ദു യുവതിയെ വിവാഹം കഴിക്കുന്നതിനുള്ള റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി കോടതിയിലെത്തിയ യുവാവിനെ ലവ് ജിഹാദ് ആരോപിച്ച് മര്‍ദിച്ചവശനാക്കി തീവ്രഹിന്ദുസംഘടനകള്‍. ഭോപ്പാലിലെ പിപരിയ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കസേരയില്‍ ഇരുന്ന യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും പുറത്തുവന്ന വിഡിയോയില്‍ കാണാം.
യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്നതാണെന്നും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ആളുകള്‍ മര്‍ദിച്ചത്. അഭിഭാഷകന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങളെത്തിയതെന്നും ഇടപെട്ടതെന്നുമാണ് തീവ്ര ഹിന്ദുസംഘടനയുടെ വിശദീകരണം. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ തുരത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അഭിഭാഷകനെ കാണുന്നതിനായാണ് 22 വയസിന് മേല്‍ പ്രായമുള്ള യുവാവും 19കാരിയായ യുവതിയും കോടതിയിലെത്തിയത്. നാലുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടി വിവാഹിതരാവുകയാണെന്നും പെണ്‍കുട്ടി പറഞ്ഞതായി എസിപിയെ ഉദ്ധരിച്ച് ദ് ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മതംമാറിയാല്‍ വിവാഹം കഴിക്കാമെന്ന് യുവാവ് പറഞ്ഞുവെന്നും അതിനായി നിര്‍ബന്ധമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുെട അടിസ്ഥാനത്തില്‍ ഇരുവരുടെയും വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരും യുവാവിന്‍റെ സഹോദരനും കോടതിയിലേക്ക് എത്തി. ഇവരുടെ മൊഴിയെടുത്തുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവാവിനെ മര്‍ദിക്കുന്നതായി പുറത്തുവന്ന വിഡിയോയുടെ നിജസ്ഥിതി അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.