anant-singhs-daughter-marriage

TOPICS COVERED

പട്നയെ ഇളക്കിമറിച്ച് എംഎല്‍എ അനന്ത് സിങ്ങിന്‍റെ മകള്‍ ശിവാംഗി സിങ്ങിന്റെ വിവാഹം. ബുധനാഴ്ചയായിരുന്നു അത്യാഡംബരത്തോടെയുള്ള വിവാഹം. സിആർപിഎഫ് കമാൻഡന്റ് രൺവിജയ് കുമാറിന്റെ മകന്‍ വരൻ ഋഷികേശ് കുമാറാണ് ശിവാംഗിയുടെ വരന്‍.

വിവാഹത്തിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ ഒഴുകിയതോടെ നദ്​വാന്‍, ലദ്മ ഗ്രാമത്തില്‍ ഗതാഗതകുരുക്ക് കിലോമീറ്റുകളോളം നീണ്ടു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വലിയ കുതിരപ്പന്തയം സുരക്ഷാ ആശങ്ക ഉയര്‍ത്തി. ബുധനാഴ്ച നടന്ന വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുതിരപ്പന്തയം കാണാനായി വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ആളുകൂടിയതോടെ പന്തയം കാണാനാവാത്തവര്‍ ഹൈ-വോൾട്ടേജ് വൈദ്യുതി ടവറുകളിലും പോസ്റ്റുകളിലും സമീപത്തെ മരങ്ങളിലും കയറിയത് ആശങ്ക പരത്തി.

ഗ്രൗണ്ടിലെ അനിയന്ത്രിതമായ ജനത്തിരക്കും സുരക്ഷാ ഭീഷണിയും കാരണം സെമി ഫൈനലിന് ശേഷം മത്സരം നിർത്തിവെക്കുകയും ഫൈനൽ മാറ്റിവെക്കുകയും ചെയ്തു. കുതിരപ്പന്തയത്തിൽ ഒന്നാം സമ്മാനമായി മഹീന്ദ്ര ഥാർ എസ്‌യുവി, രണ്ടാം സമ്മാനമായി മോട്ടോർ സൈക്കിൾ, മൂന്നാം സമ്മാനമായി സ്കൂട്ടർ എന്നിവയാണ് പ്രഖ്യാപിച്ചിരുന്നത്.

horse-race

അനന്ദ് സിങ്; ബിഹാറിലെ 'ഛോട്ടേ സര്‍ക്കാര്‍'

മൊകാമ മേഖലയിൽ സര്‍ക്കാരിനെക്കാൾ വലിയ സ്വാധീനമുള്ള നേതാവാണ് അനന്ത് സിങ്. ബിഹാറിലെ 'ഛോട്ടേ സർക്കാർ' അല്ലെങ്കിൽ 'ദാദ' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പ്രദേശവാസികളുടെ തർക്കങ്ങളിലും പ്രാദേശിക പ്രശ്നങ്ങളിലും ഇടപെടും. മൊകാമയില്‍ അനന്ദ് സിങ്ങിന്‍റെ വാക്കുകൾക്ക് സർക്കാർ ഉത്തരവുകൾക്ക് സമാനമായ പ്രധാന്യമാണുള്ളത്. അനന്ത് സിങ്ങിന്റെ മൂത്ത സഹോദരൻ ദിലീപ് സിങ് 'ബഡെ സര്‍ക്കാര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. 1990-കളിൽ മൊകാമയിൽ നിന്നുള്ള എംഎൽഎയും ലാലു പ്രസാദ് യാദവ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു.

വിവാഹമല്ല, മഹാമേളം!

തന്‍റെ മകളുടെ കല്യാണത്തിനായി വന്‍ ഒരുക്കങ്ങളാണ് അനന്ദ് സിങ് നടത്തിയത്. ജനപങ്കാളിത്തം പ്രതീക്ഷിച്ച് നാല് ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിനായി 500 പാചകക്കാരും തൊഴിലാളികളും ഏർപ്പെട്ടിരുന്നു. അതിഥികള്‍ക്കായി 25 ലക്ഷം രസഗുളകളും 50 ലക്ഷം ഗുലാബ് ജാമുനുകളും തയാറാക്കി. ടാങ്കറിലാണ് പാൽ എത്തിയത്.

ബിഹാര്‍ നിയമസഭാ സ്പീക്കർ പ്രേം കുമാറിന്റെ വാഹനവ്യൂഹം ഗതാഗതക്കുരുക്കിൽ കുടുങ്ങി. വിഐപി അതിഥികൾക്കായി പ്രത്യേകം നിർമ്മിച്ച ഒരു ഹെലിപാഡ് ഉണ്ടായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖർ ആഘോഷത്തിൽ പങ്കെടുത്തു.

ENGLISH SUMMARY:

Massive crowds converged on Patna for the lavish wedding of Bihar MLA Ananth Singh's daughter, Shivangi Singh, to Rishikesh Kumar, son of CRPF Commandant Ranvijay Kumar, causing kilometers-long traffic jams in Nadwan and Ladma villages and even stalling Bihar Assembly Speaker Prem Kumar's convoy. A horse race organized as part of the celebrations drew huge spectators, prompting some onlookers to climb high-tension power towers, poles, and trees for a view and raising serious safety concerns. Due to the unmanageable crowd and safety risks, the race was halted after the semifinals with the final postponed, despite prizes including a Mahindra Thar SUV, a motorcycle, and a scooter. Known locally as 'Chhote Sarkar' or 'Dada' with major clout in Mokama, Ananth Singh arranged catering for over 400,000 guests with 500 cooks and staff, including 2.5 million rasgullas and 5 million gulab jamuns. VIP arrangements included a dedicated helipad, with attendees such as former BJP MP Brij Bhushan Sharan Singh.