stethoscope-nurse

ഗർഭിണിയായ യുവതിക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനെതിരെ പ്രതിഷേധിച്ച യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. ബിഹാറിലെ ഔറംഗബാദിലാണ് 45-കാരനായ സിക്കന്ദർ ഖാന്‍ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രി ഉടമ ഡോ. രഞ്ജിത് കുമാർ യാദവിനെയും കമ്പൗണ്ടർ സൗരഭ് കുമാറിനെയും ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 10-ന് റഫിഗഞ്ചിലെ രജിസ്ട്രേഷൻ ഇല്ലാത്ത കെ.പി. മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സിക്കന്ദര്‍ നാല് ദിവസത്തിന് ശേഷം പട്‌നയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

രാത്രി സുഹൃത്തിന്റെ പിതാവിനെ കാണാനായാണ് സിക്കന്ദർ ഖാൻ നോണിയ തില്ലയിലെ കെ.പി. മെമ്മോറിയൽ ആശുപത്രിയിൽ എത്തിയത്. അവിടെവെച്ച് ചികിത്സയിലിരിക്കുന്ന ഒരു ഗര്‍ഭിണിക്ക് രക്തം ആവശ്യമാണെന്നും അറിഞ്ഞു. പിന്നാലെ അതേ ഗ്രൂപ്പുകാരനായ സിക്കന്ദര്‍ അവര്‍ക്ക് രക്തം നല്‍കാന്‍ തയാറായി. 

എന്നാല്‍ ആശുപത്രിയിലെ മോശം ചികിത്സ കണ്ട യുവാവ് പ്രതിഷേധിച്ചു. രോഗിയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നിർദ്ദേശത്തെയും സിക്കന്ദര്‍ ചോദ്യം ചെയ്തതോടെ ആശുപത്രി നടത്തിപ്പുകാരനായ ഡോ. രഞ്ജിത് കുമാർ യാദവുമായി രൂക്ഷമായ വാക്കുതർക്കമുണ്ടായി. യാദവും കൂട്ടാളികളും ആശുപത്രിയുടെ വാതിലുകൾ പൂട്ടിയ ശേഷം സിക്കന്ദറിനെ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തുടർന്ന് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കും ബേസ്ബോൾ ബാറ്റും ഉപയോഗിച്ച് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരൻ സാബ്രെ ആലം നൽകിയ പരാതിയില്‍ പറയുന്നു. 

ആക്രമണത്തിന് ശേഷം ഗുരുതരമായി പരുക്കേറ്റ സിക്കന്ദറിനെ പൊലീസ് റഫിഗഞ്ചിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗയയിലേക്കും പിന്നീട് പട്‌നയിലെ മേദാന്ത ആശുപത്രിയിലേക്കും മാറ്റിയെങ്കിലും നവംബർ 14-ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. നവംബർ 11-ന് വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിൽ ഡോ. യാദവിനെയും കമ്പൗണ്ടർ സൗരഭ് കുമാറിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യാദവിന്റെ സഹോദരൻ രഞ്ജയ് കുമാറിനായും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പ്രതികൾക്കായും പൊലീസ് തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

A 45-year-old man named Sikandar Khan was brutally beaten to death in Aurangabad, Bihar, after protesting against inadequate medical care for a pregnant woman. Khan had visited the unregistered K.P. Memorial Hospital in Rafiganj to donate blood to the patient, but got into a heated argument with hospital owner Dr. Ranjit Kumar Yadav over the poor treatment facilities. Following the altercation, the doctor and his accomplices locked the hospital doors and assaulted Khan with iron rods, hockey sticks, and baseball bats, leading to his death four days later during treatment in Patna. District police have arrested Dr. Yadav and compounder Saurabh Kumar, while a manhunt is underway for three remaining suspects.