• ‘1977-ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി സ്കൂളിൽ പോയ ദിവസമായിരുന്നു. ഒരു ചെറിയ ആൺകുട്ടി എന്റെയടുത്ത് വന്ന് ‘നിന്റെ അമ്മാവൻ (സഞ്ജയ് ഗാന്ധി) ജയിലിലാണ്, അയാള്‍ കള്ളനാണ്’ എന്ന് പറഞ്ഞു. അതുകേട്ട് എനിക്ക് സങ്കടവും ദേഷ്യവും എല്ലാം ഒന്നിച്ചുവന്നു. ഞാൻ അവന്റെ കരണത്തടിച്ചു. അവൻ കരഞ്ഞുകൊണ്ട് ടീച്ചറുടെ അടുത്തുചെന്നു. എനിക്ക് ടീച്ചറുടെ കയ്യിൽ നിന്ന് നല്ല വഴക്കും കിട്ടി’

അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിൽ തോറ്റശേഷം തനിക്ക് സ്കൂളിൽ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവം പങ്കുവച്ച് പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധിയുടെ ആത്മകഥയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ച വിഡിയോയില്‍ സോണിയയ്ക്കും രാഹുൽ ഗാന്ധിക്കുമൊപ്പമുള്ള സംഭാഷണത്തിനിടെയാണ് പ്രിയങ്ക ഓർമ്മകള്‍ പങ്കുവെച്ചത്.

സംഭവത്തെക്കുറിച്ച് പ്രിയങ്ക പറയുന്നതിങ്ങനെ: ‘1977-ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി സ്കൂളിൽ പോയ ദിവസമായിരുന്നു. ഒരു ചെറിയ ആൺകുട്ടി എന്റെയടുത്ത് വന്ന് ‘നിന്റെ അമ്മാവൻ (സഞ്ജയ് ഗാന്ധി) ജയിലിലാണ്, അയാള്‍ കള്ളനാണ്’ എന്ന് പറഞ്ഞു. അതുകേട്ട് എനിക്ക് സങ്കടവും ദേഷ്യവും എല്ലാം ഒന്നിച്ചുവന്നു. ഞാൻ അവന്റെ കരണത്തടിച്ചു. അവൻ കരഞ്ഞുകൊണ്ട് ടീച്ചറുടെ അടുത്തുചെന്നു. എനിക്ക് ടീച്ചറുടെ കയ്യിൽ നിന്ന് നല്ല വഴക്കും കിട്ടി,’ പ്രിയങ്ക ചിരിയോടെ ഓർമ്മിച്ചു.

‘ഞാന്‍ സ്കൂളിലെ ‘നല്ല കുട്ടി’ രാഹുല്‍ ‘വിമതൻ’

സംഭാഷണത്തിനിടെ സ്കൂൾ കാലത്തെ തങ്ങളുടെ സ്വഭാവവ്യത്യാസങ്ങളെക്കുറിച്ചും രാഹുലും പ്രിയങ്കയും പരസ്പരം പരാമര്‍ശിച്ചു. താൻ സ്കൂളിൽ ‘പെര്‍ഫെക്റ്റ്’ ആയിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ, തങ്ങളുടെ സ്വഭാവത്തില്‍ വലിയ അന്തരം ഉണ്ടായിരുന്നുവെന്ന് രാഹുൽ ഓര്‍മിച്ചു. പ്രിയങ്ക റൂള്‍സ് അനുസരിക്കുന്ന, ശാന്തയായ കുട്ടിയായിരുന്നു. എന്നാൽ എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്ന, അല്‍പം വിമത സ്വഭാവമുള്ള കാരക്ടര്‍ ആയിരുന്നു താന്‍ എന്നും രാഹുൽ പറഞ്ഞു.

ഇപ്പോഴും അതില്‍ വലിയ വ്യത്യാസമില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ‘പാർലമെന്റിൽ നമ്മൾ തമ്മിലുള്ള വ്യത്യാസം ക്ലാസ് മുറിയിലുണ്ടായിരുന്നത് പോലെ തന്നെയാണ്. ഞാൻ എല്ലാവരോടും ‘ഗുഡ് മോർണിംഗ്, നമസ്തേ’ എന്നൊക്കെ പറയും. പക്ഷേ ചേട്ടന്‍ തന്‍റേതായ ലോകത്തായിരിക്കും.’

‘രാഹുലിന്റെ പിറന്നാള്‍ സങ്കടം’

അടിയന്തരാവസ്ഥയ്ക്ക് ശേഷം ആദ്യമായി സ്കൂളിലെത്തിയപ്പോൾ മറ്റുകുട്ടികളൊന്നും തന്റെയടുത്ത് ഇരിക്കാൻ പോലും കൂട്ടാക്കിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി ഓര്‍ക്കുന്നു. തന്റെ ഏഴാം പിറന്നാളിന് ക്ഷണിച്ച കൂട്ടുകാരിൽ ഒരാൾ മാത്രമാണ് വന്നത്. അയാള്‍ ഇന്നും തന്റെ ഉറ്റചങ്ങാതിയായി തുടരുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

വമ്പന്‍ ഹിറ്റായി സോണിയയുടെ ആത്മകഥ

സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. ഇത് റെക്കോര്‍ഡാണ്. അടിയന്തരാവസ്ഥക്കാലത്തെ തീരുമാനങ്ങളിൽ സഞ്ജയ് ഗാന്ധിക്കുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചും, അക്കാലത്തെ പല സംഭവങ്ങളും ഇന്ദിരാഗാന്ധിക്കുണ്ടാക്കിയ പ്രയാസങ്ങളെക്കുറിച്ചും സോണിയ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

‘എന്തിനും തിടുക്കം കാട്ടുന്നയാള്‍’ എന്നാണ് സഞ്ജയ് ഗാന്ധിയെ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. ഭരണഘടനാപരമായ പദവികള്‍ ഇല്ലാതിരുന്നിട്ടും അടിയന്തരാവസ്ഥക്കാലത്തെ നിർണ്ണായക തീരുമാനങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും സഞ്ജയ് ഗാന്ധിക്ക് വലിയ പങ്കുണ്ടായിരുന്നുവെന്ന് സോണിയ പറയുന്നു.

അടിയന്തരാവസ്ഥ നടപ്പാക്കിയതിൽ ഇന്ദിരാഗാന്ധി ഉള്ളിന്റെയുള്ളിൽ ഒട്ടും തൃപ്തയായിരുന്നില്ല. എന്നാൽ അന്നത്തെ ‘അരാജക’ സാഹചര്യം കാരണം അതിന് നിർബന്ധിതയാവുകയായിരുന്നുവെന്ന് സോണിയ അവകാശപ്പെടുന്നു. 1975 ജൂൺ മുതൽ 1977 മാർച്ച് വരെയുള്ള അടിയന്തരാവസ്ഥക്കാലത്തെ സംഭവവികാസങ്ങൾ അകത്തളങ്ങളിൽ നിന്ന് കണ്ടയാളാണ് സോണിയ.

1977 ജനുവരി 18-ന് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇന്ദിര രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുമെന്നും ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രഖ്യാപിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരാഗാന്ധി, പിന്നീട് 1980-ലാണ് അധികാരത്തിൽ തിരിച്ചെത്തിയത്.

ENGLISH SUMMARY:

Congress leader Priyanka Gandhi Vadra has recalled a childhood incident when she slapped a schoolmate who called her uncle, Sanjay Gandhi, a thief following Indira Gandhi's defeat in the 1977 Lok Sabha elections. She shared the memory during a conversation with her mother Sonia Gandhi and brother Rahul Gandhi in a promotional video for Sonia Gandhi's autobiography, Belonging: A Journey of Love. The siblings also discussed their contrasting school personalities, with Priyanka describing herself as a disciplined student and Rahul recalling his rebellious nature and the loneliness he experienced after the Emergency. Meanwhile, Sonia Gandhi's autobiography has reportedly sold over two lakh copies within a week of its release, attracting attention for its revelations about the Emergency and Sanjay Gandhi's influence during that period.