• വി.പി.സിങ് സർക്കാർ രാജീവ് ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചതിനെതിരെ പുസ്തകത്തിൽ സോണിയ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നുണ്ട്

രാജീവ് ഗാന്ധിയുടെ സുരക്ഷ മന:പൂര്‍വം പിന്‍വലിച്ചെന്ന ഗുരുതര ആരോപണവുമായി സോണിയ ഗാന്ധിയും രാഹുലും. 'പപ്പാ കൊല്ലപ്പെട്ടത് സുരക്ഷ പിന്‍വലിച്ചതുകൊണ്ടാണ്. അങ്ങനെയുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു. പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നു' എന്നും രാഹുല്‍ തുറന്ന് പറയുന്നു. രാജീവിനൊപ്പം പര്യടനത്തിന് പോയി മടങ്ങിയെത്തിയപ്പോള്‍ രാഹുല്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായി സോണിയ തന്‍റെ ഓര്‍മക്കുറിപ്പുകളില്‍ വിശദീകരിച്ചിരുന്നു. 'പപ്പായുടെ സുരക്ഷയ്ക്കായി എന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍ വൈകാതെ അരുതാത്തത് എന്തെങ്കിലും സംഭവിക്കും'- കല്ലേറും മറ്റ് പ്രതിഷേധവും രാജീവിന് നേരെയുണ്ടായത് നേരില്‍ കണ്ട ശേഷം രാഹുല്‍ തന്നോട് പറഞ്ഞുവെന്ന് സോണിയ എഴുതുന്നു. അവിചാരിതമായല്ല രാജീവിന്‍റെ സുരക്ഷ പിന്‍വലിക്കപ്പെട്ടതെന്നും സോണിയ ആരോപിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ യുഎസില്‍ ഉപരിപഠനം നടത്തുകയായിരുന്നു രാഹുല്‍. 

രാജീവിന്റെ കൊലപാതകത്തിനു പിന്നാലെ ഒരു സുഹൃത്താണ് രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടത്. ‘മോശം വാർത്തയുണ്ട്’ എന്നു സുഹൃത്ത് പറഞ്ഞയുടൻ, ‘അച്ഛൻ മരിച്ചു, അല്ലേ?’ എന്നായിരുന്നു രാഹുലിന്റെ ആദ്യപ്രതികരണം. തുടർന്നു ഡൽഹിയിലെത്തി പിതാവിന്റെ ഭൗതികശരീരത്തിന് അരികിൽ നിശ്ചലനായി നിൽക്കുന്ന രാഹുലിന്റെ ചിത്രവും പുസ്തകത്തിൽ സോണിയ ഓർത്തെടുക്കുന്നുണ്ട്. 

പ്രതിപക്ഷ നേതാവായിരിക്കെ തുറന്ന ജീപ്പില്‍ രാജീവ് സഞ്ചരിക്കവേയാണ് കല്ലേറും പ്രതിഷേധവുമുണ്ടായതെന്നും സോണിയ ഓര്‍ത്തെടുത്തു. യാത്രയ്ക്ക് മതിയായ സുരക്ഷയൊരുക്കി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിരുന്നില്ലെന്നും സോണിയ പറയുന്നു. വി.പി.സിങ് സർക്കാർ രാജീവ് ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചതിനെതിരെ പുസ്തകത്തിൽ സോണിയ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നുണ്ട്.

പുസ്തകത്തിലും പറയാതെ സോണിയ വിട്ടുപോയ കുറച്ച് കാര്യങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധിയും വെളിപ്പെടുത്തി. അമ്മയെഴുതിയ കുറിപ്പുകളില്‍ പകരം വയ്ക്കാനാനില്ലത്ത സ്നേഹവും ഒപ്പം ഭീകരമായ ദുരന്തവും കാണാമെന്നും എല്ലാത്തിനെയും അന്തസ്സോടെയും ധൈര്യത്തോടെയും അമ്മ നേരിട്ടുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മക്കളാണ് തന്‍റെ ഏറ്റവും വലിയകരുത്തെന്നും അവര്‍ തന്നെയാണ് തന്‍റെ ക്ഷമയെ അങ്ങേയറ്റം പരീക്ഷിച്ചവരെന്നും സോണിയ എക്സില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. 'പുസ്തകത്തില്‍ ഞാന്‍ എന്‍റെ ഓര്‍മകളില്‍ നിന്നും രാഹുലും പ്രിയങ്കയും അവരുടെ  ഓര്‍മകളില്‍ നിന്നും ചേര്‍ത്തിട്ടുണ്ട്. അങ്ങനെയാണ് അത് സമ്പൂര്‍ണമായത്' എന്നും സോണിയ പറഞ്ഞു. 

ENGLISH SUMMARY:

Rahul Gandhi and Sonia Gandhi have alleged that former Prime Minister Rajiv Gandhi's security was deliberately withdrawn, creating the circumstances that led to his assassination in 1991. In her memoir, Sonia recalls Rahul warning her about threats to his father's safety after witnessing stone-pelting and protests during Rajiv's political tours. She has strongly criticised the then VP Singh government for withdrawing Rajiv Gandhi's Special Protection Group (SPG) security and questioned the circumstances surrounding the decision. Rahul has also shared emotional memories of his father's assassination and praised his mother's courage and dignity in dealing with the tragedy.