taxi

TOPICS COVERED

അപരിചിതമായ നഗരത്തിൽ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോൾ ഒരു സ്ത്രീയുടെ മനസ്സിലുണ്ടാകുന്ന ആശങ്കകൾ ചെറുതല്ല. പ്രത്യേകിച്ച് വിമാനത്താവളത്തിൽ ഇറങ്ങി ദീർഘദൂരം സഞ്ചരിക്കേണ്ടിവരുമ്പോൾ. എന്നാൽ അത്തരമൊരു യാത്രയിൽ ഭയത്തിന് പകരം സുരക്ഷിതത്വവും വിശ്വാസവും സമ്മാനിച്ചിരിക്കുകയാണ് ബിഹാർ സ്വദേശിയായ ടാക്സി ഡ്രൈവർ രവീന്ദർ യാദവ്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ജെ.പി. നഗറിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച യുവതിയുടെ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

വ്യക്തിപരമായ ആവശ്യത്തിനായാണ് യുവതി ബെംഗളൂരുവിലെത്തിയത്. വെറും നാല് ദിവസത്തെ സന്ദർശനം. വൈകിട്ട് ഏഴരയോടെയായിരുന്നു വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ കാത്തുനിൽക്കാൻ ആരുമുണ്ടായില്ല. തുടർന്ന് പ്രീപെയ്ഡ് ടാക്സിയില്‍ പോകാമെന്ന് തീരുമാനിച്ചു. ഭയവും ആശങ്കയുമുണ്ടായിരുന്നെങ്കില്ലും യാത്ര തുടങ്ങുന്നതിന് മുമ്പ്  പ്രാർഥിച്ച് ടാക്സി സ്റ്റാൻഡിലേക്ക് നടന്നു. വഴിയിൽ ചിലരുടെ അസ്വസ്ഥതയുണ്ടാക്കുന്ന നോട്ടങ്ങളും  യുവതിക്ക് നേരിടേണ്ടിവന്നു. അപ്പോഴാണ് രവീന്ദർ യാദവ് എന്ന ഡ്രൈവറെ ലഭിച്ചത്. ബിഹാറിൽ നിന്ന് ബെംഗളൂരുവിലെത്തിയിട്ട് വെറും 21 ദിവസമേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ യുവതിയുടെ ആശങ്ക തിരിച്ചറിഞ്ഞ രവീന്ദർ ആദ്യമേ തന്നെ ആശ്വസിപ്പിച്ചു. 'വിഷമിക്കേണ്ട, താങ്കളെ സുരക്ഷിതമായി വീട്ടിലെത്തിക്കാം'

യാത്രയിലുടനീളം യുവതിക്ക് ആത്മവിശ്വാസം നൽകാൻ രവീന്ദർ ശ്രമിച്ചു. സ്വന്തം കുടുംബത്തെക്കുറിച്ചും ഭാര്യയെയും കുട്ടികളെയും കുറിച്ചും സംസാരിച്ചു. മാസം തികയാതെ ജനിച്ച മകന്‍റെ ആരോഗ്യപ്രശ്നങ്ങളും കുടുംബം നേരിട്ട ബുദ്ധിമുട്ടുകളും പങ്കുവെച്ചു. സംസാരത്തിലൂടെ അപരിചിതത്വം മാറ്റി യുവതിയുടെ ഭയം കുറയ്ക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ യാത്ര അത്ര എളുപ്പമായിരുന്നില്ല. ജിപിഎസ് നിർദേശിച്ച വഴികളിലൂടെ സഞ്ചരിച്ചെങ്കിലും പലതവണ വഴി തെറ്റി. ഒടുവിൽ നൽകിയ വിലാസത്തിൽ തന്നെ പിഴവുണ്ടായിരുന്നുവെന്ന് മനസ്സിലായി. ഇതിനകം രണ്ടര മണിക്കൂറിലേറെ പിന്നിട്ടിരുന്നു. യുവതിയെ കാത്തിരുന്ന ബന്ധുക്കളും ആശങ്കയിലായി. തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നു.

അതിനിടെ സമയം വൈകി. രവീന്ദറിന് അത്താഴം പോലും കഴിക്കാനായിരുന്നില്ല. ഭാര്യ ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ച് വിളിച്ചപ്പോഴും അദ്ദേഹം പറഞ്ഞത് യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച ശേഷം ഭക്ഷണം കഴിക്കാമെന്നായിരുന്നു. 'ചേച്ചിയെ വീട്ടിലെത്തിച്ചിട്ട് കഴിച്ചോളാം. ഇവിടെ ഹോട്ടലുകളെല്ലാം തുറന്നിട്ടുണ്ടല്ലോ, നീ വിഷമിക്കേണ്ട' എന്നായിരുന്നു ഭാര്യയോടുള്ള മറുപടി. ഒടുവിൽ രാത്രി പതിനൊന്നോടെ ഇരുവരും ലക്ഷ്യസ്ഥാനത്തെത്തി. യാത്രയിലെ ബുദ്ധിമുട്ടുകൾക്ക് രവീന്ദർ ക്ഷമ ചോദിച്ചു. യുവതിയുടെ ബാഗുകൾ ഇറക്കിക്കൊടുത്തു. ബന്ധുക്കളോടും വൈകിയതിൽ ഖേദം പ്രകടിപ്പിച്ചു. അകത്തുകയറി ഭക്ഷണം കഴിക്കാൻ യുവതി ക്ഷണിച്ചെങ്കിലും അദ്ദേഹം വിനയപൂർവം നിരസിച്ചു.

യാത്രയ്ക്കിടെ ഇരുവരും മസാലദോശയെക്കുറിച്ചും സംസാരിച്ചിരുന്നു. മസാലദോശ ഇഷ്ടമാണെങ്കിലും വില കൂടുതലായതിനാൽ അതൊരു ആഡംബര ഭക്ഷണമായാണ് കാണുന്നതെന്നും രവീന്ദർ പറഞ്ഞിരുന്നു. ഇത് ഓർത്ത യുവതി അദ്ദേഹത്തിന് പണം നൽകി മസാലദോശ കഴിക്കാൻ നിർബന്ധിച്ചു. യാത്ര പറഞ്ഞുപിരിയുന്നതിനിടെ രവീന്ദർ യുവതിയുടെ കാലിൽ തൊട്ട് നന്ദി അറിയിക്കുകയും ചെയ്തു. ടിപ്പ് ലഭിക്കാനോ മറ്റെന്തെങ്കിലും നേട്ടത്തിനോ വേണ്ടിയായിരുന്നില്ല രവീന്ദറിന്‍റെ പെരുമാറ്റമെന്നും മറിച്ച് അദ്ദേഹത്തിന്‍റെ വളർത്തുഗുണവും മനുഷ്യത്വവുമാണ് അതിന് പിന്നിലെന്നും യുവതി കുറിച്ചു. ഉയർന്ന വിദ്യാഭ്യാസമില്ലെങ്കിലും മറ്റൊരാളുടെ മാനസികാവസ്ഥ തിരിച്ചറിയാനുള്ള കഴിവ് രവീന്ദറിനുണ്ടായിരുന്നുവെന്നും തന്‍റെ ആശങ്കകൾ വാക്കുകളിലൂടെ പറയേണ്ടിവന്നില്ലെന്നും യുവതി പറയുന്നു.

ഫോട്ടോ എടുക്കാൻ പോലും മടിച്ച രവീന്ദറിന്‍റെ ചിത്രം പകർത്താനായില്ലെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കുന്നു. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് ജെ.പി. നഗറിലേക്കോ നഗരത്തിലെ മറ്റിടങ്ങളിലേക്കോ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രവീന്ദറിനെ ബന്ധപ്പെടാമെന്നും യുവതി പറയുന്നു. വലിയ സഹായങ്ങളോ അസാധാരണമായ ഇടപെടലുകളോ മാത്രമല്ല മനുഷ്യരിലുള്ള വിശ്വാസം വീണ്ടെടുക്കുന്നത്. ആവശ്യമുള്ള സമയത്ത് ഒരാൾക്ക് സുരക്ഷിതത്വം തോന്നിപ്പിക്കുന്ന സാധാരണ മനുഷ്യരുടെ ചെറിയ കരുതലുകൾ കൂടിയാണ്. അതിന്‍റെ ഓർമപ്പെടുത്തലായി മാറുകയാണ് രവീന്ദർ യാദവിന്‍റെ ഈ യാത്ര.

 

 

 

ENGLISH SUMMARY:

Safe solo travel for women in Bengaluru is highlighted through an inspiring taxi ride experience. A viral story about a courteous cab driver named Ravinder Yadav showcases humanity and reassures a solo female passenger during a late-night commute from the airport.