neha-bora

TOPICS COVERED

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരങ്ങളിലൂടെയാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് നേഹ ബോറ രാജ്യശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നേഹ ബോറ വീണ്ടും ചർച്ചയാവുകയാണ്. തന്‍റെ ലിംഗപരമായ സ്വത്വത്തെ കുറിച്ച് തുറന്നുപറഞ്ഞതിലൂടെയാണ് നേഹ ഇപ്പോൾ ചർച്ചകളിൽ ഇടം നേടുന്നത്.  

സ്ത്രീയെന്നോ പുരുഷനെന്നോ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നേഹ പറഞ്ഞത്. 'ഞാൻ എന്നെ സ്ത്രീയായി തിരിച്ചറിയുന്നില്ല. ഒരു നോൺ ബൈനറി വ്യക്തിയായാണ് സ്വയം തിരിച്ചറിയുന്നത്' എന്നായിരുന്നു നേഹ വ്യക്തമാക്കിയത്. പരാമർശം വാർത്തയായതിന് പിന്നാലെ നേഹ ട്രാൻസ്‌ജെൻഡർ ആണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

തങ്ങളുടെ ലിംഗ വ്യക്തിത്വം ആൺ-പെൺ ലിംഗവിഭാഗത്തിൽ മാത്രമായി ഒതുങ്ങുന്നതല്ലെന്ന് വിശ്വസിക്കുന്നവരാണ് നോൺ ബൈനറി. അവൻ/ അവൾ എന്നതിന് പകരം ഇവർ പൊതുവേ അവർ എന്നോ മറ്റെന്തെങ്കിലും സർവനാമങ്ങളോ ആയിരിക്കും തങ്ങളെ പരാമർശിക്കാൻ ഇഷ്ടപ്പെടുന്നത്. ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നേഹ ബോറയെ സൂചിപ്പിക്കാൻ അവർ എന്നാണ് ഉപയോഗിച്ചു വന്നിരുന്നത്. 

ജനനസമയത്ത് ശാരീരിക പ്രത്യേകതകൾ നോക്കി നിശ്ചയിക്കുന്നതാണ് 'ജൈവിക ലിംഗം' (Biological Sex). എന്നാൽ ഒരു വ്യക്തിക്ക് ഉള്ളിൽ തോന്നുന്ന സ്വത്വബോധമാണ് 'ലിംഗസ്വത്വം' (Gender Identity). ലൈംഗികാഭിമുഖ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ലിംഗസ്വത്വം. നോണ്‍-ബൈനറി വ്യക്തികള്‍ക്ക് ഗേ, സ്‌ട്രൈറ്റ്, ബൈസെക്ഷ്വല്‍ തുടങ്ങി ഏത് ലൈംഗികാഭിമുഖ്യവും ഉണ്ടായിരിക്കാം. നോൺ-ബൈനറി വ്യക്തികളുടെ ചിന്തകൾ  പരമ്പരാഗത സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. നോൺ-ബൈനറി വ്യക്തികൾ പലപ്പോഴും സ്ത്രീ-പുരുഷ വേർതിരിവുകളില്ലാത്ത വസ്ത്രധാരണ രീതികൾ തിരഞ്ഞെടുക്കാറുണ്ട്. 

സമൂഹത്തിലെ നിയമങ്ങൾ, പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ (ഉദാഹരണത്തിന്: Gender-neutral ശുചിമുറികൾ), ഔദ്യോഗിക രേഖകൾ എന്നിവയിൽ എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളുക എന്ന കാഴ്ചപ്പാടാണ് നോൺ ബൈനറി മനുഷ്യർ മുന്നോട്ട് വെക്കുന്നത്. ഓരോ വ്യക്തിയുടെയും സ്വയംനിർണയാവകാശത്തെയും  (Self-determination) വ്യക്തിത്വത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് നോൺ-ബൈനറി ആശയത്തിന്റെ കാതൽ.

എന്നാൽ ട്രാൻസ്‌ജെൻഡർ എന്നത് ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ജനനസമയത്ത് ഡോക്ടർമാർ നിശ്ചയിച്ച ലിംഗവും സ്വന്തം മനസുകൊണ്ട് തിരിച്ചറിയുന്ന ലിംഗസ്വത്വവും (Gender Identity) തമ്മിൽ പൊരുത്തപ്പെടാത്ത വ്യക്തികളെയാണ് ട്രാൻസ്‌ജെൻഡർ എന്ന് വിളിക്കുന്നത്. ജനനസമയത്ത് പുരുഷനാണെന്ന് നിർണയിക്കപ്പെടുകയും, എന്നാൽ സ്ത്രീയാണ് തങ്ങളുടെ ലിംഗസ്വത്വം (Gender Identity) എന്ന് തിരിച്ചറിയുകയും ചെയ്യുന്നവരാണ് ട്രാൻസ് സ്ത്രീകൾ. ജനനസമയത്ത് സ്ത്രീയാണെന്ന് നിർണയിക്കപ്പെടുകയും, എന്നാൽ പുരുഷനാണ് തങ്ങളുടെ ലിംഗസ്വത്വം എന്ന് തിരിച്ചറിയുകയും ചെയ്യുന്നവരാണ് ട്രാൻസ് പുരുഷന്മാർ. 

ENGLISH SUMMARY:

Neha Bora non binary identity discussion has sparked widespread debates and news coverage across national media platforms. This article explores her statements about gender identity, clarifying the differences between non-binary individuals and transgender people.