നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത് എന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. വിനീത് ശ്രീനിവാസന് എഴുതിയ തുറന്ന കത്തിലാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന യുവജന സമരങ്ങളുടെ മുഖമാണ് ഐസ ദേശിയ അധ്യക്ഷ നേഹ ബോറ. നേഹ ബോറയെ പറ്റിയുള്ള റീല്‍ വിനീത് ശ്രീനിവാസന്‍ പങ്കുവച്ചിരുന്നു.
അവകാശങ്ങളെ പറ്റി അറിയുന്നൊരാളായി മകളെ വളർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്ത് വെറുതെ ജീവിച്ചു തീർക്കുകയും പങ്കാളിയുടെ കാര്യം നോക്കുകയാണ് ജീവിത ലക്ഷ്യമെന്ന് കരുതി ജീവിക്കുന്നതും ഞാൻ ആഗ്രഹിക്കുന്നില്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു വിഡിയോയിലുള്ളത്.
നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത് എന്നായിരുന്നു ടി.പി.സെൻകുമാറിന്റെ തുറന്ന കത്തിലുള്ളത്. കൊച്ചി ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ 17 വയസ്സുകാരനായ മകൻ ഓടിച്ച മെഴ്സിഡസ് ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട സ്കൂട്ടർ യാത്രികനായ തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ മകളാണ് ഭദ്രകീര്‍ത്തി. നീതി കിട്ടാനായി ഒരു സാധാരണക്കാരന് ഏത് അറ്റം വരെ പോകാൻ കഴിയും എന്ന് ഭദ്രകീര്‍ത്തി സമൂഹത്തിന് കാണിച്ചുതന്നിരുന്നു.
'ഭദ്രാ, നിന്നെയോർത്ത് അഭിമാനം തോന്നുന്നു! പ്രിയപ്പെട്ട പിതാവിന് നീതി ലഭിക്കുന്നതിനായി, അദ്ദേഹം ഈ ലോകത്തോട് ഏറ്റവും വേദനാജനകമായ രീതിയിൽ വിടപറഞ്ഞ ആ ദുരിതഘട്ടത്തിൽപ്പോലും നീ കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഹൃദയസ്പർശിയും ഏറെ പ്രചോദനാത്മകവുമാണ്. നിന്റെ ഈ അചഞ്ചലമായ മനക്കരുത്ത് ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണ്'.ഇങ്ങനെയായിരുന്നു ടി.പി.സെൻകുമാറിന്റെ കത്തിലുള്ളത്.