bhadrakeerthi

എഴുന്നേറ്റ് നില്‍ക്കാവുന്ന കാലത്തോളം നീതിക്കായി പോരാടുമെന്ന് ചേരാനല്ലൂരില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി. കൗമാര ഡ്രൈവിങ്ങിന് കടിഞ്ഞാണിടണമെന്ന സന്ദേശവുമായി മനോരമ ന്യൂസ് നടത്തിയ 'ഡേഞ്ചർ ഡ്രൈവ് ' ലൈവത്തണിലാണ് പ്രതികരണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷനല്‍കണമെന്ന് നെടുമ്പാശേരിയില്‍ മരിച്ച ദേവികയുടെയും ഗോപികയുടെയും രക്ഷിതാക്കളും ലൈവത്തണില്‍ പറഞ്ഞു

 

അച്ഛന്‍ നഷ്ടപ്പെട്ട് അഞ്ചുദിവസമായിട്ടും നീതി അകലെയാണെന്ന യാഥാര്‍ഥ്യം പറഞ്ഞാണ് ഭദ്രകീര്‍ത്തി ലൈവത്തണില്‍ പങ്കെടുത്തത്.  അച്ഛനായിരുന്നു എല്ലാം. അച്ഛന്‍ തന്ന ധൈര്യമാണ് തനിക്കുള്ളത്. മൈനറായ പ്രതികള്‍ക്കുള്ള നിയമപരിരക്ഷകളില്‍ മാറ്റംവരുത്തേണ്ട കാലമായി.  ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞെങ്കിലും നിയമപോരാട്ടങ്ങള്‍ക്ക് തുടരുമെന്ന് ഭദ്രകീര്‍ത്തി കൂട്ടിച്ചേര്‍ത്തു. 

 

കുട്ടികള്‍ക്ക് വാഹനം നല്‍കുമ്പോള്‍ മാതാപിതാക്കള്‍ സമൂഹത്തോടാണ് പാതകം ചെയ്യുന്നതെന്ന് നെടുമ്പാശേരിയില്‍ മരിച്ച ഗോപികയുടെ അച്ഛന്‍ പറഞ്ഞു. റേസിങ് ഗെയിം കളിച്ചവര്‍ക്കാണ് വണ്ടി കൊടുക്കുന്നത്. ശിക്ഷകൂട്ടുന്നതിനൊപ്പം ശിക്ഷ ഉറപ്പാക്കുന്ന സംവിധാനം ഉണ്ടാകണമെന്നും ദേവികയുടെ അമ്മ  സരിത പറഞ്ഞു

 

Also read: ‘അപകടസമയത്ത് ഉറക്കമായിരുന്നു; ഒളിവില്‍പോകില്ല’; മുൻകൂർ ജാമ്യം തേടി ജഡ്ജി ഹൈക്കോടതിയില്‍

ബൈക്ക് അപകടത്തില്‍ അകാലത്തില്‍ മകന്‍ നഷ്ടപ്പെട്ട വേദനയിലാണ് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്  ബാബു മാത്യു പി.ജോസഫ് ലൈവത്തണില്‍ എത്തിയത് . നിയമം ചെറുപ്പത്തിലേ പഠിപ്പിക്കുന്ന സംവിധാനം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതനിയമലംഘനങ്ങള്‍ക്ക് ചലാന്‍ വഴിയുള്ള പിഴ ശിക്ഷ ഫലപ്രദമല്ലെന്ന് മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് പ്രതികരിച്ചു. നടപടികള്‍ തല്‍സമയം ഉണ്ടാകണമെന്നാണ് ഋഷിരാജ് സിങ്ങിന്റെ നിലപാട്

 

ഇന്നത്തെ കൗമാരത്തെ മനസിലാക്കാന്‍ കൂടുതല്‍ ഇടപെടലുണ്ടാകണമെന്ന് സൈക്കോളജിസ്റ്റ് സ്വാതി ജഗദീഷ് ലൈവത്തണില്‍ വ്യക്തമാക്കി. കുടുംബസംവിധാനത്തില്‍ കുട്ടികളെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും സ്വാതി പറഞ്ഞു

 

അഡീ. ജില്ല ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

 

ചേരാനല്ലൂർ വാഹനാപകട മരണക്കേസിൽ പ്രതിയായ അഡീ. ജില്ല ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജില്ല ജഡ്ജിയായതിനാൽ ഒളിവിൽ പോവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നീതി കിട്ടാത്തതില്‍ നിരാശയുണ്ടെന്നും, ഒരടി പോലും പിന്നോട്ടില്ലെന്നും ജയബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചു. അതേസമയം, മകന്‍ വാഹനമോടിക്കുമെന്ന കാര്യം അറിയില്ലെന്നായിരുന്നു ജഡ്ജി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. 

 

തനിക്കെതിരെ നരഹത്യാ വകുപ്പ് നിലനിൽക്കില്ലെന്നും, തന്നെ അറിയിക്കാതെ മകൻ കാറുമായി പുറത്തുപോയെന്നുമാണ് ചേരാനല്ലൂർ അപകടമരണകേസിലെ പ്രതിയായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കവെ, ജുഡീഷ്യൽ ഓഫീസറെ അറസ്റ്റ്‌ ചെയ്യേണ്ടതുണ്ടോ എന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു. അറസ്റ്റ് എന്തിനാണ് ?. ജില്ലാ ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസര്‍ അല്ലേ, ഒളിവിൽ പോകാൻ സാധ്യതയില്ല. പൊതുവികാരമല്ല, നിയമം അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോവുകയെന്നും അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി പരാമർശിച്ചു. 

 

അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ജില്ലാ ജഡ്ജി ഹാജരാകണം. അന്വേഷണസംഘത്തിന് നടപടിക്രമങ്ങൾ പാലിച്ച് ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജാമ്യഹർജിയിൽ കക്ഷി ചേരാനുള്ള ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. നീതി ലഭിച്ചില്ലെന്നും, നിരാശയുണ്ടെന്നും, ഒരടി പിന്നോട്ടില്ലെന്നും ജയപാലകൃഷ്ണന്റെ മകൾ പ്രതികരിച്ചു

 

അതേസമയം 17 കാരൻറെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അഡി. സെഷൻസ് കോടതി നാളെ വീണ്ടും പരിഗണിക്കും. ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പതിനേഴുകാരന്റെ കുടുംബവും കോടതിയെ സമീപിച്ചിട്ടുണ്ട്

ENGLISH SUMMARY:

Malayala Manorama Online News covers the poignant reaction of Bhadrakirthi, who vowed to fight for justice after losing her father in a tragic minor-driving accident in Cheranalloor. The special liveathon highlights the urgent need for stricter laws against underage driving and accountability for parents.