livethon

പതിനായിരക്കണക്കിന് വാഹനാപകടങ്ങളാണ് ഓരോ വര്‍ഷവും നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തിന്റെ നിരത്തുകളില്‍ സംഭവിക്കുന്നത്. മൂവായിരത്തിലേറെ ജീവനുകളാണ് അതില്‍ ഇല്ലാതാവുന്നത്. ചെറുതും വലുതുമായ പരുക്കുകളേല്‍ക്കുന്നവരും പതിനായിരങ്ങളാണ്. കാരണങ്ങള്‍ പലതുമുണ്ട്. അമിതവേഗവും അശ്രദ്ധയും മദ്യപിച്ചുള്ള ഡ്രൈവിങ്ങും തുടങ്ങി പലതും. കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്ന രണ്ട് വാഹനാപകടങ്ങള്‍, നെടുമ്പാശേരിയിലെയും ചേരാനല്ലൂരിലെയും. ഈ രണ്ട് അപകടങ്ങളില്‍ നഷ്ടമായത് നാല് ജീവനുകളാണ്. ഒരാള്‍ കുടുംബത്തിന്റെ അത്താണിയായിരുന്നുവെങ്കില്‍ മറ്റുമൂന്നുപേര്‍ മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്നു. ചേരാനല്ലൂരില്‍ ജയബാലകൃഷ്ണനെന്ന തട്ടുകടക്കാരന്റെ ജീവനെടുത്തത് അമിതവേഗത്തില്‍ കാറോടിച്ചെത്തിയ പതിനേഴുകാരനാണ്. ലൈസന്‍സ് എടുക്കാന്‍ പോലും പ്രായമായിട്ടില്ലാത്ത ഒരാള്‍. നെടുമ്പാശേരിയിലാകട്ടെ പ്രായപൂര്‍ത്തിയായിട്ടുണ്ട്, പക്ഷെ, നിയമപ്രകാരം മദ്യം വാങ്ങാനുള്ള പ്രായമായിട്ടില്ലാത്ത നാലുപേര്‍ നാലോ അഞ്ചോ ബാറുകളില്‍ കയറി കുടിച്ച് ലക്കുകെട്ട് വാഹനമോടിച്ച് തകര്‍ത്തുകളഞ്ഞത് മൂന്നു കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാം അപകടങ്ങളായി മാറുന്നില്ലെങ്കിലും, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ്ങിനോടുള്ള ഭ്രമവും അപകടകരമായ മത്സരങ്ങളും വര്‍ധിച്ചുവരികയാണ്. ഒരു വാഹനത്തിന്റെ താക്കോല്‍ ഒരാള്‍ കയ്യിലെടുക്കുമ്പോള്‍ ആ താക്കോലിനൊപ്പം വലിയൊരു ഉത്തരവാദിത്തം കൂടിയാണ് അയാളുടെ കൈയിലെത്തുന്നത്. പക്ഷേ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കള്‍ അപകടത്തിലേക്കുള്ള വഴികൂടിയാണ് തുറക്കുന്നത്. റോ‍ഡിലെ അഭ്യാസപ്രകടനങ്ങള്‍, റീല്‍സിനുവേണ്ടി ജീവന്‍ പണയംവച്ചുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള വാഹനമോടിക്കല്‍ ഇതെല്ലാമാണ് കാണുന്നത്. അപകടം സംഭവിച്ചുകഴിഞ്ഞാല്‍ മാത്രം ഞെട്ടുകയും വിലപിക്കുകയും ചെയ്യുന്ന സമൂഹമായി നമ്മള്‍ മാറുകയാണോ?നിയമം അറിയാത്തതാണോ, അതോ നിയമം ലംഘിച്ചാലും ഒന്നും സംഭവിക്കില്ലെന്ന ധാരണയാണോ? ഈ ഗൗരവമേറിയ വിഷയമാണ് മനോരമ ന്യൂസ് ലൈവത്തണില്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.