high-court

ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ട സംഭവത്തിൽ പ്രതിയായ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിറ്റിങ് ജഡ്ജിയായ ഹർജിക്കാരൻ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിന്റെയോ അറസ്റ്റിന്റെയോ ആവശ്യകത എന്താണെന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. നിർദിഷ്ട നടപടിക്രമങ്ങൾ പാലിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനും ജഡ്ജിയോട് കോടതി നിർദേശിച്ചു.

ലൈസൻസില്ലാത്ത പതിനേഴുകാരൻ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനായി അമിതവേഗത്തിൽ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്നും, ഇതിന് മുൻപും ഇയാൾ കാറും ബൈക്കും ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മകൻ തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് വാഹനമെടുത്തതെന്നും അപകടസമയത്ത് താൻ ഉറക്കത്തിലായിരുന്നുവെന്നുമുള്ള ജഡ്ജിയുടെ വാദങ്ങൾ പ്രാഥമികമായി പരിഗണിച്ചാണ് കോടതി നടപടി. 

അതേസമയം, കേസിൽ കക്ഷിചേർന്ന മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം, ജഡ്ജിയുടെ ഭാഗത്തുനിന്ന് കാറിലെ ഔദ്യോഗിക ബോർഡ് പറിച്ചുമാറ്റുന്നതടക്കമുള്ള തെളിവ് നശിപ്പിക്കൽ ശ്രമങ്ങൾ നടന്നുവെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ പൊതുജനവികാരത്തിന്റെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലല്ല, കേവലം നിയമവസ്തുതകൾ അടിസ്ഥാനമാക്കിയാണ് കോടതി പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കുടുംബത്തിന്റെ അപേക്ഷ ഹർജിയുടെ ഭാഗമായി സ്വീകരിച്ചു.

സാധാരണക്കാർക്ക് ലഭിക്കാത്ത പരിഗണനയും ആനുകൂല്യങ്ങളുമാണ് ഉന്നത പദവിയിലുള്ള പ്രതിക്ക് ലഭിക്കുന്നതെന്നും തങ്ങൾക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം വൈകാരികമായി പ്രതികരിച്ചു. ജഡ്ജിക്ക് മുൻകൂർ ജാമ്യം ലഭിക്കരുതെന്നാണ് പ്രാർത്ഥനയെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ജില്ലാ ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകും. 

ENGLISH SUMMARY:

The Kerala High Court has stayed the arrest of the Additional District Judge in connection with the tragic Cheranallur hit-and-run case that resulted in the death of Chittoor native Jayabalakrishnan. A bench led by Justice Kauser Edappagath directed the judge to appear before the investigating officers for questioning in accordance with due procedure. In his anticipatory bail application, the judge claimed that his minor son took the luxury Benz car without his knowledge or permission while he was asleep at home.