പീസ് ബോണ്ടില്‍ ഒപ്പിടില്ലെന്ന ഉറച്ചനിലപാടില്‍ ഐസയും നേഹ ബോറയും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകില്ലെന്നും സമാധാന അന്തരീക്ഷം തകർത്തതിന് തെളിവ് നൽകണമെന്നും നേഹ ആവശ്യപ്പെട്ടു. നവംബര്‍ 1ലെ ഇന്ത്യ സഖ്യത്തിന്റെ രാംലീലയിലെ റാലി ദീപാവലി കച്ചവടത്തെ ബാധിക്കുമെന്നതിനാല്‍ 10ന് ശേഷമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ക്രമസമാധാന അവലോകനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തും.
തിരംഗമാര്ച്ചിന്റെ ഭാഗമായി മണ്ടി ഹൗസില്‍ നടത്തിയ പ്രതിഷേധത്തിലാണ് നേഹ ബോറക്ക് ഡല്‍ഹി പൊലീസ് പീസ് ബോണ്ട് നല്‍കിയത്. ഇതില്‍ ഒപ്പിടേണ്ടെന്നാണ് ഐസയുടെയും നേഹ ബോറയുടെയും തീരുമാനം. നിരോധനാജ്ഞ നിലവിൽ ഇല്ലാത്ത മണ്ഡി ഹൗസിലാണ് പ്രതിഷേധിച്ചത്. പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് പീസ് ബോണ്ട്. ദേശീയ പതാകയുമായി പ്രതിഷേധിച്ചാൽ എങ്ങനെയാണ് സമാധാനം തകരുന്നത് എന്നും നേഹ ചോദിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സിപിഐ ഡൽഹിയിൽ മനുഷ്യച്ചങ്ങല തീര്‍ക്കും. ബുധനാഴ്ച ഇന്ത്യ സഖ്യം രാംലീല മൈതാനത്ത് മോക്ക് പാര്‍ലമെന്റ് നടത്താനാലോചിക്കുന്നുണ്ട്. നവംബർ ഒന്നിന് രാരംലീലയില് നടക്കുന്ന റാലിയില്‍ 10 ലക്ഷം പേരെ അണിനിരത്താനാണ് ഇന്ത്യ സഖ്യ തീരുമാനം. റാലിയിൽ ആശങ്ക അറിയിച്ചും ദീപാവലി കച്ചവടത്തിന് ശേഷമാക്കണം എന്ന് ആവശ്യപ്പെട്ടും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രീസ് രാഹുൽ ഗാന്ധിക്ക് കത്തെഴുതിയിട്ടുണ്ട്. രാം ലീലയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള മാര്‍ക്കറ്റുകളിലേക്കുള്ള ഗതാഗതത്തെയും കച്ചവടത്തെയും ആള്‍ക്കൂട്ടവും നിയന്ത്രണവും ബാധിക്കുമെന്നാണ് ആശങ്ക.
ഇതിനിടെ, ഡൽഹി മെട്രോയിൽ കേന്ദ്രസർക്കാരിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വിമാനത്താവള എക്സ്പ്രസ് പാതയിലെ മെട്രോ ട്രെയിനിനുലാണ് പോസ്റ്ററുകൾ അജ്ഞാതർ പതിപ്പിച്ചത്. 'വോട്ടിങ് പ്രതിഷേധം', 'അതൃപ്തിയുണ്ടോ? നിങ്ങൾ ഒറ്റയ്ക്കല്ല' തുടങ്ങിയ സന്ദേശങ്ങൾക്കൊപ്പം, രാജ്യത്ത് സമീപവർഷങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള ഒൻപത് അവകാശവാദങ്ങളും പോസ്റ്ററിലുണ്ടായിരുന്നു. അതേസമയം 4 വര്‍ഷത്തിന് ശേഷം ഡല്‍ഹി പൊലീസ് അസ്ഥാനത്തേക്ക് സുരക്ഷ അവലോകനത്തിന് എത്തുന്ന അമിത് ഷാ നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തും. ലഹരിവേട്ട, വിദേശത്തുള്ള ഗുണ്ടാസംഘങ്ങൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയാണ് മുഖ്യ അജണ്ട.