neha-bora-speech
  • ക്രമസമാധാന പാലനത്തിനും പൊതുസമാധാനം ഉറപ്പാക്കാനുമായി ഭാവിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് വ്യക്തികളിൽ നിന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ ഒപ്പിട്ടുവാങ്ങുന്ന legal undertaking ആണ് സമാധാന ബോണ്ട്.

'ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറ സമാധാന ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ചു',  'തുടര്‍ച്ചയായ നാലാം തവണയും സമാധാന ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ചതോടെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നേഹ ബോറയ്ക്ക് വീണ്ടും നോട്ടീസ് നല്‍കി'.  ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെ കസ്റ്റഡിയിലായപ്പോഴാണ് നേഹ ബോറയോട് 'സമാധാന ബോണ്ട് ഒപ്പിടാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിര്‍ദേശിച്ചത്. അന്നുമുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സമാധാന ബോണ്ട് (Peace bond) യഥാര്‍ഥത്തില്‍ എന്താണ് ? എപ്പോഴാണ് മജിസ്ട്രേറ്റിന് 'സമാധാന ബോണ്ട്' ഒപ്പിട്ടുനൽകാൻ ഉത്തരവിടാനാവുക ? നമുക്ക് പരിശോധിക്കാം.

എന്താണ് സമാധാന ബോണ്ട് ?

ക്രമസമാധാന പാലനത്തിനും പൊതുസമാധാനം ഉറപ്പാക്കാനുമായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ പുറപ്പെടുവിക്കുന്നതാണ്  സമാധാന ബോണ്ട്.  പൊതുസമാധാനം തകർക്കാന്‍ സാധ്യതയുള്ള വ്യക്തികളിൽനിന്ന് ഭാവിയിൽ അത്തരം പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും ഉണ്ടാകാതിരിക്കാനാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സമാധാന ബോണ്ട് ഒപ്പിട്ടുവാങ്ങുന്നത്.  ഇതൊരു നിയമപരമായ ഉറപ്പാണ്. സമാധാനം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടില്ലെന്ന് ഒന്നുകിൽ വ്യക്തി സ്വന്തം ഉത്തരവാദിത്തത്തിൽ ബോണ്ട് ഒപ്പിട്ടുനൽകണം, അല്ലെങ്കിൽ ജാമ്യക്കാരെ ഹാജരാക്കി തുക കെട്ടിവയ്ക്കണം.

Also Read: മോദിയുടെ ഫോണ്‍ കോള്‍; കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പ്! ഇന്ത്യ സഖ്യം വിട്ട് എന്‍ഡിഎയിലേക്ക് എത്തുമോ എന്‍സിപി

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS, 2023) 126, 128 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മജിസ്ട്രേറ്റ് സമാധാന ബോണ്ട് ആവശ്യപ്പെടാനാവുക. നേരത്തെ CrPC സെക്ഷൻ 106 മുതൽ 110 വരെയുള്ള വകുപ്പുകൾ പ്രകാരമാണ് ഈ നടപടികളെടുത്തിരുന്നത്.

മജിസ്ട്രേറ്റിന് ബോണ്ട് ആവശ്യപ്പെടാവുക എപ്പോള്‍ ?

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് താഴെ പറയുന്ന സാഹചര്യങ്ങളിൽ ബോണ്ട് ആവശ്യപ്പെടാം,

1. പൊതുസമാധാനം തകരാന്‍ സാധ്യതയുള്ളപ്പോൾ: ഒരു വ്യക്തി പൊതുസമാധാനത്തിനോ ക്രമസമാധാനത്തിനോ ഭീഷണിയാകുന്ന രീതിയിൽ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് മജിസ്ട്രേറ്റിന് വ്യക്തമായ വിവരമോ റിപ്പോർട്ടോ ലഭിക്കുമ്പോൾ.

2. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ:  നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കും  മോഷണം, വഞ്ചന, വർഗീയ സംഘർഷങ്ങൾക്ക് ആഹ്വാനം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ മുൻകരുതലായി ബോണ്ട് നല്‍കാന്‍ ഉത്തരവിടാം.

3. പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും: അക്രമ, സംഘര്‍ഷ സാധ്യതയുള്ള പ്രതിഷേധങ്ങളെക്കുറിച്ചും  സമരങ്ങളെക്കുറിച്ചും വിവരം ലഭിച്ചാല്‍ ബോണ്ട് ആവശ്യപ്പെടാം.  എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങളുടെ പേരില്‍ സമാധാന ബോണ്ട് ചുമത്താനാകില്ല.

Also Read: ഇന്ത്യസഖ്യ റാലിയില്‍ നിന്നും മുങ്ങി; ആപ്പ് നോക്കി നേതാക്കളെ പൊക്കി യൂത്ത് കോണ്‍ഗ്രസ്; 215 പേര്‍ക്കെതിരെ നടപടി

ബോണ്ട് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട തത്വങ്ങൾ

പൊലീസ് റിപ്പോർട്ട് മാത്രം വിശ്വസിച്ച് മജിസ്ട്രേറ്റുമാർ ബോണ്ട് ഉത്തരവിടാൻ പാടില്ലെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പൊതുസമാധാനത്തിന് വ്യക്തമായ ഭീഷണിയുണ്ടെങ്കിൽ മാത്രമേ മുൻകരുതൽ നടപടിയായി ബോണ്ട് ഉത്തരവ്  പുറപ്പെടുവിക്കാവു. പൊലീസ് റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കാതെ മജിസ്ട്രേറ്റ് സ്വന്തം നിലയില്‍ അന്വേഷിച്ച് സാഹചര്യം വിലയിരുത്തണം. പ്രതിഷേധിക്കാന്‍ ഭരണഘടന നൽകുന്ന അവകാശത്തെയോ വ്യക്തിസ്വാതന്ത്ര്യത്തെയോ തടയാൻ ബോണ്ട് ഉത്തരവുകൾ ഉപയോഗിക്കരുത്. സാധാരണക്കാർക്ക് നൽകാൻ കഴിയാത്ത വിധം വലിയ തുകയോ രേഖകളോ ബോണ്ടിന്‍റെ ഭാഗമായി ആവശ്യപ്പെടരുതെന്നും നേരത്തെ കോടതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകും മുൻപുതന്നെ ബോണ്ട് ഒപ്പിട്ടുനൽകാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവിട്ടാൽ, സെഷൻസ് കോടതിയിൽ റിവിഷൻ ഹർജിയിലൂടെ ചോദ്യം ചെയ്യാം.  

ബോണ്ടും കേസും

സാധാരണ ഗതിയില്‍ സമാധാന ബോണ്ടുമായി ബന്ധപ്പെട്ട് നേരിട്ട് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാറില്ല. അതേസമയം ബോണ്ട് ഒപ്പിട്ടുനൽകി എന്നതുകൊണ്ട് മാത്രം പിന്നീട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായ തടസ്സവുമില്ല. അതായത് ക്രമസമാധാന പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും തടയാൻ നിയമം വ്യവസ്ഥ ചെയ്ത ഒരു മുൻകരുതൽ നടപടിയാണ് സമാധാന ബോണ്ട്.  ഇത് പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യപരമായ അവകാശങ്ങളെയും ഹനിക്കുന്ന രീതിയിൽ ദുരുപയോഗം ചെയ്യാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് അധികാരമില്ല.  

ENGLISH SUMMARY:

A peace bond is a legal assurance issued by Executive Magistrates under Sections 126 and 128 of the Bharatiya Nagarik Surakshita Sanhita (BNSS), 2023, to ensure public order and prevent potential crimes. It mandates an individual to give a formal undertaking or submit a monetary surety promising not to breach public peace. The concept gained widespread attention after AISA President Neha Bora repeatedly refused to sign a peace bond following her detention during protests demanding the resignation of the Chief Election Commissioner. Higher courts have repeatedly emphasized that peace bonds must not be misused on mere police reports or to suppress constitutional rights to peaceful protest.