തന്‍റെ ലിംഗപരമായ സ്വത്വത്തെ കുറിച്ച് തുറന്നുപറയുകയാണ് ഡൽഹിയിലെ വിദ്യാർഥി സമരങ്ങളിലൂടെ ശ്രദ്ധേയയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ. താനൊരു സ്ത്രീയല്ലന്നും തന്നെ അങ്ങനെ വിശേഷിപ്പിക്കേണ്ടതില്ലെന്നും നേഹ വ്യക്തമാക്കി.
'പൊതുവെ ആളുകൾക്ക് ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. എന്നാൽ ഞാൻ എന്നെ സ്ത്രീയായി തിരിച്ചറിയുന്നില്ല. ഒരു നോൺ ബൈനറി വ്യക്തിയായാണ് സ്വയം തിരിച്ചറിയുന്നത്' നേഹ ബോറ പറഞ്ഞു.
പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്നീ രണ്ട് ലിംഗവിഭാഗങ്ങളിൽ ഒന്നായി മാത്രം സ്വയം തിരിച്ചറിയാത്ത വ്യക്തികളുടെ ലിംഗസ്വത്വത്തെയാണ് നോൺ ബൈനറി എന്ന് വിശേഷിപ്പിക്കുന്നത്. ചില നോൺ ബൈനറി വ്യക്തികൾ തങ്ങളെ പരാമർശിക്കാൻ 'They/Them' എന്ന സർവനാമങ്ങൾ ഉപയോഗിക്കുമ്പോൾ മറ്റുചിലർ വ്യത്യസ്ത സർവനാമങ്ങളും ഉപയോഗിക്കാറുണ്ട്.
വിദ്യാർഥി രാഷ്ട്രീയത്തിലെ ലിംഗവൈവിധ്യത്തെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നേഹയുടെ പ്രതികരണം വീണ്ടും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.