• ‘സ്ക്വാക്ക് 7500’ സന്ദേശം. എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

പൈലറ്റിന്റെ സന്ദേശത്തെത്തുടര്‍ന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ജയ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. ഹൈജാക്കിങ് സംശയത്തെത്തുടര്‍ന്നാണ് സംഭവമെന്നാണ് ഡിജിസിഎ അധികൃതരില്‍ നിന്നും പുറത്തുവരുന്ന വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡിജിസിഎ അറിയിക്കുന്നു. 

Also Read: 'മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക്'; 'കൊണ്ടുപൊയ്​ക്കോ'; പരിഹസിച്ച് ഡി.കെ

ബോയിങ് 787–9 AI 2030 വിമാനമാണ് അടിയന്തരമായി ജയ്പൂരില്‍ നിലത്തിറക്കിയത്. നിലവില്‍ വിമാനം സുരക്ഷിതമായി ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. റാഞ്ചാന്‍ ശ്രമം നടക്കുമ്പോള്‍ പൈലറ്റ് നല്‍കുന്ന മുന്നറിയിപ്പായ ‘സ്ക്വാക്ക് 7500’ എന്ന കോഡ് വിമാനത്തില്‍നിന്ന് അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിന് ലഭിക്കുകയായിരുന്നു. പൈലറ്റ് നല്‍കിയ സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളിനു ലഭിച്ചതിനു പിന്നാലെയാണ് വിമാനം വഴിതിരിച്ചുവിട്ടത്. 

സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരെ കയറ്റി വിമാനം പുറപ്പെടുമെന്ന് ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ബോംബ് ഭീഷണിയെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നാണ് പൊലീസ് നല്‍കന്ന സൂചന. ബോംബ് ഭീഷണിയെന്നാണ് വിമാനത്താവള അധികൃതര്‍ പൊലീസിനെ അറിയിച്ചതെന്ന് മാല്‍വിയ നഗര്‍ കമ്മീഷണര്‍ ശിവ് ദയാള്‍ പിടിഐയോട് പറഞ്ഞു. 

പൈലറ്റുമാരേയും യാത്രക്കാരേയും ഘട്ടം ഘട്ടമായി വിമാനത്തില്‍ നിന്നിറക്കി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതായാണ് വിവരം. യാത്രക്കാരുടെ ബാഗേജുകളും പരിശോധനയ്ക്കു വിധേയമാക്കി. എടിഎസും എയര്‍പോര്‍ട്ട് സുരക്ഷാ സംഘവും ലോക്കല്‍ പൊലീസും സംയുക്തമായാണ് സുരക്ഷാ പരിശോധന നടത്തിയതെന്നാണ് വിവരം.  

വിമാനത്തിന് ലഭിച്ച മുന്നറിയിപ്പിനെക്കുറിച്ചോ, അടിയന്തര ലാന്‍ഡിങ്ങിലേക്കെത്തിച്ച സാഹചര്യത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഡിജിസിഎ തയാറായിട്ടില്ല. 

Pilot’s Hijack Alert Prompts Emergency Landing of Air India Flight in Jaipur:

An Air India Boeing 787-9 flight, AI 2030, travelling from Frankfurt, Germany, to Delhi was diverted and made an emergency landing at Jaipur International Airport following a message from the pilot indicating a suspected hijacking. According to the Directorate General of Civil Aviation (DGCA), the aircraft transmitted the international hijack alert code 7500, prompting air traffic control to divert the flight. Police, airport security personnel and air traffic security teams conducted safety checks on the aircraft and passengers’ baggage after everyone was gradually evacuated. Authorities said the aircraft would be allowed to depart after security checks, although initial police statements suggested that a bomb threat had also been reported