ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ അക്രമം നടത്തിയ ഒമാന്‍ പൈലറ്റിനെ തടഞ്ഞ് വൻ ദുരന്തം ഒഴിവാക്കിയത് ഇന്ത്യക്കാരനായ പ്രധാന പൈലറ്റ് എന്ന് റിപ്പോർട്ട്. ഇസ്രയേല്‍ മാധ്യമങ്ങളായ വൈനെറ്റ്, ചാനൽ 12 എന്നിവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യൻ പൗരനായ സ്മിത് മച്ചാറിനാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സ്വദേശിയാണ് സ്മിത് എന്നാണ് വിവരം.

സഹപൈലറ്റായ ഒമാൻ സ്വദേശി പോക്കറ്റ് കത്തി ഉപയോഗിച്ച് കഴുത്തിലും ശരീരത്തിലും ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചിട്ടും ക്യാപ്റ്റൻ വീറോടെ പോരാടുകയായിരുന്നു. രക്തം വാർന്നുപോകുന്ന അവസ്ഥയിലും അദ്ദേഹം വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും അക്രമിയെ പ്രതിരോധിക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരും ക്യാബിൻ ക്രൂവും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു. ക്യാപ്റ്റന്റെ ധീരതയെ രാജ്യാന്തര മാധ്യമങ്ങളും പ്രശംസിക്കുകയാണ്.

വിമാനത്തില്‍ നിന്നും പുറത്തുവന്ന വിഡിയോയില്‍ കുത്തേറ്റ പൈലറ്റിന് യാത്രക്കാര്‍ നന്ദി പറയുന്നതും കാണാം. ‘നിങ്ങൾ ഞങ്ങളുടെ എല്ലാവരുടെയും ജീവൻ രക്ഷിച്ചു’ എന്ന് യാത്രക്കാർ കണ്ണീരോടെ പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളി ല്‍പൈലറ്റിന്റെ മുഖത്തും വസ്ത്രങ്ങളിലും വിമാനത്തിനുള്ളിലും രക്തക്കറകളും കാണാം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങളോടെ കോക്പിറ്റിൽ നിന്നിറങ്ങിയ ക്യാപ്റ്റനെ യാത്രക്കാർ ഒന്നടങ്കം നന്ദിയോടെയും ആദരവോടെയും പൊതിയുന്ന ദൃശ്യങ്ങളും കാണാം. സഹപൈലറ്റിന്‍റെ കുത്തേറ്റ പ്രധാന പൈലറ്റിന് വിമാനത്തിലെ മറ്റ് യാത്രക്കാർ ചേർന്നാണ് സംരക്ഷണം തീത്തതും. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ALSO READ: പൈലറ്റ് ക്യാപ്റ്റനെ കുത്തി! 34,000 അടി ഉയരത്തിൽ നിന്ന് വിമാനം കുത്തനെ താഴേക്ക്; ഫ്ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചത്...

ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് 180-ഓളം യാത്രക്കാരുമായി പറന്ന FZ1073 ബോയിങ് 737 വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യാത്രയ്ക്കിടെ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് പോക്കറ്റ് കത്തി ഉപയോഗിച്ച് ക്യാപ്റ്റനെ കുത്തുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കോക്പിറ്റിനുള്ളിൽ നിന്ന് പെട്ടെന്ന് നിലവിളികളും ബഹളവും ഉയർന്നതോടെ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും പരിഭ്രാന്തരായി. ഇതിനിടെ വിമാനം നിമിഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് അടി താഴേക്ക് പതിച്ചതോടെ യാത്രക്കാർ മരണം മുഖാമുഖം കണ്ടു.

തുടര്‍ന്ന് കോക്പിറ്റിൽ നിന്ന് വിമാനത്തിന് ഹൈജാക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന '7500' സ്ക്വാക്ക് കോഡ് അടിയന്തര സന്ദേശമായി എയർ ട്രാഫിക് കൺട്രോളിലേക്ക് അയക്കപ്പെട്ടു. സന്ദേശം ഉയർന്ന ഉടൻ തന്നെ ഇസ്രയേൽ വ്യോമസേനയുടെ പോർവിമാനങ്ങൾ കുതിച്ചുയർന്നു. ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചു. വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരാണ് ലാൻഡിങിന് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനം ജനവാസ മേഖലയിലോ തന്ത്രപ്രധാന കേന്ദ്രങ്ങളിലോ തകർത്തു വീഴ്ത്താനുള്ള ആസൂത്രിത ഭീകരാക്രമണ ശ്രമമായിരുന്നു ഇതെന്നാണ് ഇസ്രയേല്‍ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. സംഭവത്തിൽ ഇസ്രയേൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്നും വൻ ദുരന്തമാണ് ഒഴിവായതെന്നും ഇസ്രയേൽ വ്യക്തമാക്കി.

ENGLISH SUMMARY:

Israeli media outlets Ynet and Channel 12 reported that an Indian-origin captain averted a major aviation disaster by courageously fighting off an Omani co-pilot who attacked him with a pocket knife during a Flydubai flight. Despite sustaining severe stab wounds to his neck and body, the captain heroically maintained control of the aircraft while battling the assailant inside the cockpit. Passengers and cabin crew alongside off-duty pilots travelling on the flight stepped in to subdue the attacker and safely divert the Boeing 737 to Tabuk Airport in Saudi Arabia. Israeli security agencies have launched a comprehensive investigation into the incident, suspecting a planned terror attempt to crash the airliner into populated or strategic areas.