അമേരിക്കയിലുടനീളം എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്‍റെ ഉത്തരവ്. ‘അസാധാരണ’ സാഹചര്യങ്ങളെയും സുരക്ഷാ കാരണങ്ങളെയും തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ ആശയവിനിമയ തകരാറാണ് രാജ്യവ്യാപകമായ 'ഗ്രൗണ്ട് സ്റ്റോപ്പിന്' പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടർന്ന് അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 11,000-ത്തോളം വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് യാത്രക്കാരും പ്രതിസന്ധിയിലാണ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അമേരിക്കയിൽ നിന്നുള്ള എല്ലാ വിമാനങ്ങളുടെയും പുറപ്പെടൽ നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് അറിയിപ്പ്. എന്നാൽ നിലവിൽ സഞ്ചാരത്തിലുള്ള വിമാനങ്ങൾക്ക് അവയുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങാൻ അനുമതിയുണ്ട്. രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളുടെ കാര്യത്തിൽ സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് എഫ്.എ.എ അറിയിച്ചു.

നടപടിക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണമോ അട്ടിമറി ശ്രമങ്ങളോ അല്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷൻ തകരാർ മാത്രമാണെന്നും ‘മറ്റൊരു 9/11 അല്ല’ എന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും സ്ഥിതിഗതികൾ ധരിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്.എ.എയുടെ ആശയവിനിമയ സംവിധാനങ്ങളിലെ തകരാറാണോ അതോ പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളാണോ പ്രശ്നത്തിന് കാരണമായതെന്ന് എഫ്.ബി.ഐയും സാങ്കേതിക വിദഗ്ധരും പരിശോധിച്ചുവരികയാണ്. വ്യോമഗതാഗത സംവിധാനങ്ങൾ നവീകരിക്കുന്നതിനായി എഫ്.എ.എയും വൈറ്റ് ഹൗസും കോൺഗ്രസിനോട് 30.1 ബില്യൺ ഡോളറിന്റെ അധിക സഹായം ആവശ്യപ്പെട്ടിരുന്നു.

അമേരിക്കയുടെ വ്യോമയാന ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമാണ് ഇത്തരത്തിൽ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിർത്തിവെക്കാറുള്ളത്. ഇതിനുമുമ്പ് 2023 ജനുവരിയിൽ പൈലറ്റുമാർക്കുള്ള അറിയിപ്പ് സംവിധാനം തകരാറിലായപ്പോഴാണ് സമാന നടപടിയുണ്ടായത്. അതിനുമുമ്പ് 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണ സമയത്താണ് അമേരിക്കയിൽ വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചത്.

വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്ന് എഫ്.എ.എ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

The Federal Aviation Administration (FAA) has ordered a rare nationwide ground stop across the United States due to an air traffic control communication failure, delaying or canceling nearly 11,000 flights. While planes currently airborne are permitted to land safely, all outbound departures remain suspended until further notice, stranding thousands of travelers.