ദുബായിൽ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ നടന്ന കത്തിക്കുത്തില്‍ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിമാനത്തിന്റെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും നൂറിലധികം യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം ഇടിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്ന് പറഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി ഇവരുടെ ധൈര്യത്തെ പ്രശംസിപ്പിക്കുകയും ചെയ്തു.

‘ഇസ്രയേലിലേക്ക് അടുക്കുന്നതിനിടെ കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ഒട്ടനവധി യാത്രക്കാരുള്ള വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയുമായിരുന്നു. വിമാനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കാന്‍ തുടങ്ങി. ക്രൂ അംഗങ്ങൾക്കൊപ്പം കോക്പിറ്റിലേക്ക് കയറിയ ചില യാത്രക്കാർ, ആക്രമണം നടത്തിയ പൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു’– നെതന്യാഹു പറഞ്ഞു. വിമാനത്തിലെ മിക്കവാറും എല്ലാ യാത്രക്കാരും ഇസ്രയേലികളായിരുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. യാത്രക്കാരുടെ കഴിവിനെയും ധീരതയെയും പ്രശംസിച്ച അദ്ദേഹം, അവർ വലിയൊരു ദുരന്തം ഒഴിവാക്കിയ നായകന്മാരാണെന്നും നിരവധി ജീവനുകളാണ് അവർ രക്ഷിച്ചതെന്നും വ്യക്തമാക്കി.

അതേസമയം, യാത്രക്കാരുടെ ധീരത കൊണ്ട് മാത്രം തടയാനായ ഒരു ഭീകരാക്രമണ ശ്രമമായിരുന്നു ഇതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു. അപകടകരമായ നിമിഷത്തിൽ അസാധാരണമായ മനസ്സാന്നിധ്യവും ധീരതയും പ്രകടിപ്പിച്ച ധീരരായ ഇസ്രയേലികളെ ഓർത്ത് താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ഇടതുപക്ഷ ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യെയർ ഗോലാൻ പറഞ്ഞു. യാത്രക്കാർക്ക് നന്ദി പറയുന്നു. ഇസ്രയേലിന്റെ സുരക്ഷാ നയം കൂടുതൽ ശക്തമായ തലത്തിലേക്ക് ഉയർത്തേണ്ടതുണ്ടെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ വ്യക്തമാക്കി.

A screengrab taken from Flightradar24 shows a flydubai flight to Israel which was diverted to Saudi Arabia September 30, 2026. Flightradar24.com/REUTERS

ഒക്ടോബര്‍ 27ന് ഇസ്രയേല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. തിരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിനെതിരെ ശത്രുക്കൾ നീക്കം നടത്താൻ സാധ്യതയുണ്ടെന്ന 'സൂചനകൾ' ലഭിച്ചിട്ടുണ്ടെന്ന് നെതന്യാഹു കഴിഞ്ഞ ദിവസങ്ങളിലായി സൂചിപ്പിരുന്നു. കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിലും നെതന്യാഹു സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. മാത്രമല്ല, 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെ അമേരിക്കയിലുണ്ടായ സെപ്റ്റംബർ 11 (9/11) ഭീകരാക്രമണവുമായി താരതമ്യപ്പെടുത്തിയും നെതന്യാഹു സംസാരിച്ചിരുന്നു. ഗാസയിലെ സൈനിക നടപടിയുടെ പേരിൽ ഇസ്രയേലിന് നേരെ രാജ്യാന്തര തലത്തിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയായിരുന്നു പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ പുതിയ സംഭവം നെതന്യാഹുവിന്റെ സമീപകാല പ്രസ്താവനകളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.

ALSO READ: കുത്തേറ്റിട്ടും പൊരുതി; ദുരന്തം ഒഴിവാക്കിയത് ഇന്ത്യക്കാരനായ പൈലറ്റ്; ലാന്‍ഡിങ്ങിന് സഹായിച്ചത് യാത്രക്കാര്‍

ബുധനാഴ്ച രാവിലെ ദുബായിൽ നിന്ന് പുറപ്പെട്ട FZ1073 ഫ്ലൈദുബായ് വിമാനത്തിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. 150-ലധികം ഇസ്രയേലി പൗരന്മാർ വിമാനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് പോക്കറ്റ് കത്തി ഉപയോഗിച്ച് ക്യാപ്റ്റനെ കുത്തുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കോക്പിറ്റിനുള്ളിൽ നിന്ന് പെട്ടെന്ന് നിലവിളികളും ബഹളവും ഉയർന്നതോടെ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും പരിഭ്രാന്തരായി. ഇതിനിടെ വിമാനം നിമിഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് അടി താഴേക്ക് പതിച്ചതോടെ യാത്രക്കാർ മരണം മുഖാമുഖം കണ്ടു. തുടര്‍ന്ന് കോക്പിറ്റിൽ നിന്ന് വിമാനത്തിന് ഹൈജാക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന '7500' സ്ക്വാക്ക് കോഡ് അടിയന്തര സന്ദേശമായി എയർ ട്രാഫിക് കൺട്രോളിലേക്ക് അയക്കപ്പെട്ടു. സന്ദേശം ഉയർന്ന ഉടൻ തന്നെ ഇസ്രയേൽ വ്യോമസേനയുടെ പോർവിമാനങ്ങൾ കുതിച്ചുയർന്നു. ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചു. വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരാണ് ലാൻഡിങിന് സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO: പൈലറ്റ് ക്യാപ്റ്റനെ കുത്തി! 34,000 അടി ഉയരത്തിൽ നിന്ന് വിമാനം കുത്തനെ താഴേക്ക്; ഫ്ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചത്...

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് അധികൃതർ സ്ഥിരീകരിച്ചു. കുത്തേറ്റ പൈലറ്റിന് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയ പൈലറ്റിനെ സൗദി സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വ്യോമയാന അധികൃതരും സൗദി സുരക്ഷാ സേനയും അന്വേഷണം നടത്തുന്നുണ്ട്. ഭീകരവാദ പ്രവർത്തനമാണോ എന്നും പരിശോധിക്കുന്നുണ്ട്. വിമാനം ജനവാസ മേഖലയിലോ തന്ത്രപ്രധാന കേന്ദ്രങ്ങളിലോ തകർത്തു വീഴ്ത്താനുള്ള ആസൂത്രിത ഭീകരാക്രമണ ശ്രമമായിരുന്നു ഇതെന്നാണ് ഇസ്രയേല്‍ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.

ENGLISH SUMMARY:

Israeli Prime Minister Benjamin Netanyahu praised the heroism of passengers and cabin crew following a violent cockpit attack aboard a Flydubai flight en route from Dubai to Tel Aviv. Netanyahu stated that the Omani co-pilot stabbed the main captain and attempted to crash the airliner before brave individuals breached the cockpit and subdued the attacker. Israeli Defence Minister Israel Katz characterized the event as a thwarted terror attempt, while the incident has drawn heightened attention due to upcoming national elections in Israel. Following the hijack alert and rapid descent, the aircraft was safely diverted to Tabuk, Saudi Arabia, where security agencies continue to investigate potential terrorism links.