A screengrab taken from Flightradar24 shows a flydubai flight to Israel which was diverted to Saudi Arabia September 30, 2026. Flightradar24.com/REUTERS
ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്കില്‍ ഇറക്കിയ സംഭവത്തില്‍ ഒഴിയാതെ ദുരൂഹത. അപായസൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഫ്ലൈ ദുബായ് എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. പൈലറ്റുമാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കോക്ക്പിറ്റില്‍ കത്തിക്കുത്ത് നടന്നെന്നാണ് റിപ്പോര്‍ട്ട്.
180-ഓളം യാത്രക്കാരുമായി പറന്ന FZ1073 (FDB1073) ബോയിങ് 737 വിമാനത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. വിമാനം ജോർദാൻ വ്യോമപാതയിലൂടെ സഞ്ചരിക്കവേ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ കൈയാങ്കളിയും അക്രമവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. തുടര്‍ന്ന് കോക്പിറ്റിൽ നിന്ന് വിമാനത്തിന് ഹൈജാക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന '7500' സ്ക്വാക്ക് കോഡ് അടിയന്തര സന്ദേശമായി എയർ ട്രാഫിക് കൺട്രോളിലേക്ക് അയക്കപ്പെടുകയായിരുന്നു.
സംഭവത്തിനിടയിൽ വെറും രണ്ട് മിനിറ്റിനുള്ളിൽ വിമാനം 34,000 അടി ഉയരത്തിൽ നിന്ന് 16,600 അടിയിലേക്ക് കുത്തനെ താഴേക്ക് പതിച്ചതായി ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് ഇസ്രയേൽ വ്യോമസേനയുടെ പോർവിമാനങ്ങൾ അടിയന്തരമായി രംഗത്തിറങ്ങുകയും ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ സമയോചിതമായി ഇടപെടുകയും വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു.
വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെില്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇസ്രയേല്‍ അധികൃതരും വ്യക്തമാക്കുന്നു. പൈലറ്റുമാരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനും മറ്റൊരാള്‍ ഒമാനി സ്വദേശിയുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 27കുട്ടികളടക്കം 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ഭീകരവാദ ബന്ധം ഉൾപ്പെടെയുള്ള സാധ്യതകൾ മുൻനിർത്തി സംഭവത്തിൽ വിവിധ സുരക്ഷാ ഏജൻസികൾ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ കോ പൈലറ്റിനെയും പരിക്കേറ്റ ക്യാപ്റ്റനെയും വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തു.