Image Credit:X
പത്തുരൂപയുടെ 12,300 നാണയത്തുട്ടുകളുമായി ഷോറൂമിലെത്തി സ്കൂട്ടര് വാങ്ങിയിരിക്കുകയാണ് തെലങ്കാനയില് നിന്നുള്ള രവി ജോസഫ്. തെലങ്കാനയിലെ മഞ്ചേരിയല് സ്വദേശിയായ രവിയുടെ മൂന്ന് വര്ഷത്തെ സമ്പാദ്യമായിരുന്നു ഈ തുക. രണ്ടു മണിക്കൂറെടുത്താണ് ഹോണ്ട ഷോറൂമിലെ ജീവനക്കാര് പണം എണ്ണിത്തിട്ടപ്പെടുത്തി ഹോണ്ട ആക്ടീവ കൈമാറിയത്.
2023 ഒക്ടോബര് പത്ത് മുതലാണ് എല്ലാ ദിവസവും പത്തുരൂപ വീതം രവി കുടുക്കയില് ഇട്ടുവയ്ക്കാന് തുടങ്ങിയത്. ഇങ്ങനെ 10 രൂപ നാണയം കൂട്ടിവയ്ക്കരുതെന്നും ചിലപ്പോള് സര്ക്കാര് നിരോധിച്ചാലെന്ത് ചെയ്യുമെന്നും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നിരുല്സാഹപ്പെടുത്തി. രവി പക്ഷേ സമ്പാദ്യം തുടര്ന്നു. ഒടുവില് പണം കുമിഞ്ഞ് കൂടിയതോടെ ഒരു സ്കൂട്ടര് വാങ്ങാന് തീരുമാനിക്കുകയായിരുന്നു.
റോയല് എന്ഫീല്ഡ് വാങ്ങാനായിരുന്നു ആഗ്രഹം പക്ഷേ അതിനുള്ള പണമില്ലാത്തതിനാല് ആക്ടീവ വാങ്ങിയെന്നും രവി മാധ്യമങ്ങളോട് പറഞ്ഞു. 'പച്ചക്കറിയും മറ്റ് സാധനങ്ങളും വാങ്ങാന് പോകുമ്പോള് ലഭിക്കുന്ന ചില്ലറയാണ് കൂട്ടിവച്ചത്. പത്ത് രൂപ നാണയങ്ങള് ചേര്ന്ന് അങ്ങനെ ഒന്നേകാല് ലക്ഷത്തോട് അടുത്തു'- രവി സന്തോഷം മറച്ചുവച്ചില്ല.
ലക്സറ്റിപെട്ടിലെ ജഗദംബ ഹോണ്ട മോട്ടോര്സിലേക്കാണ് നാണയത്തുട്ടുകളുമായി രവി എത്തിയത്. ആദ്യം അമ്പരന്നുവെങ്കിലും ഹോണ്ട ആക്ടീവയ്ക്കുള്ള ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയുണ്ടെന്ന് ജീവനക്കാര് മണിക്കൂറുകളെടുത്ത് എണ്ണി ഉറപ്പിച്ചു. സ്ഥിരോല്സാഹമുണ്ടെങ്കില് എത്ര ചെറിയ തുകയും സ്വപ്നസാക്ഷാത്കാരത്തിനുതകുമെന്നാണ് രവിയുടെ അനുഭവം പറയുന്നതെന്ന് ഷോറൂം ജീവനക്കാരും പ്രതികരിച്ചു.