എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ 20 കാരിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. തന്ദ്ര അക്ഷിതറാണി എന്ന വിദ്യാര്‍ഥിയുടെ മരണത്തിലാണ് പോളിടെക്നിക്ക് അധ്യാപകനായ നവീൻ കുമാറിനെ പെദ്ദപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം യുവതി ജീവനൊടുക്കിയതാണെന്ന അനുമാനത്തിലായിരുന്നെങ്കിലും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. തെലങ്കാനയിലെ സുൽത്താനാബാദിലാണ് സംഭവം.
സെപ്റ്റംബർ 12-നാണ് അക്ഷിതറാണിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ക്കായി എഴുതിയ ആത്മഹത്യ കുറിപ്പും യുവതിയില്‍ നിന്നും കണ്ടെത്തി. വിഷം കഴിച്ചതിനു പിന്നാലെ അക്ഷിതറാണിയെ ഗോദാവരിഖാനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരിച്ചു. എന്നാല്‍ സംഭവത്തില്‍ യുവതിയെ അധ്യാപകനായ നവീന്‍ കുമാര്‍ നിര്‍ബന്ധിച്ച് വിഷം കഴിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
നസ്പൂരിലെ സിംഗരേണി കോളിയറീസ് പോളിടെക്നിക്കിൽ ഗസ്റ്റ് ലെക്ചററായിരുന്ന നവീൻ കുമാറുമായി ഡിപ്ലോമ പഠനകാലത്താണ് അക്ഷിതറാണി പരിചയത്തിലാകുന്നത്. തുടർന്ന് ഡിഗ്രി പഠനത്തിനായി അക്ഷിതറാണി ഹൈദരാബാദിലേക്ക് മാറിയതോടെ രവി കുമാറെന്നയാളുമായി പരിചയത്തിലാവുകയയിരുന്നു. ഇതോടെ നവീനും അക്ഷിതറാണിയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായി.
അക്ഷിതറാണി രവികുമാറുമായി അടുക്കുന്നത് നവീനിന് രണ്ടുപേരോടും വിരോധത്തിന് കാരണമായി. കൊലപ്പെടുത്താനുള്ള പദ്ധതിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അക്ഷിതറാണിയെ നവീന്‍ തടഞ്ഞുനിർത്തി കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രവി കുമാര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആത്മഹത്യ കുറിപ്പെഴുതിപ്പിക്കുകയും കീടനാശിനി കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ, കോൾ ലോഗുകൾ, കോൾ റെക്കോർഡിംഗുകൾ എന്നിവ പരിശോധിച്ചാണ് പൊലീസ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.