ബിഹാറിലെ നവാഡയില്‍ സര്‍ക്കാര്‍ സ്കൂളിലെ പ്രിൻസിപ്പലിനെതിരെ ലൈംഗിക ആരോപണവുമായി വിദ്യാര്‍ഥിനികള്‍. പ്രിൻസിപ്പൽ സ്ഥിരമായി തങ്ങളെ എടുത്തുയര്‍ത്തുമെന്നും കവിളിൽ സ്പർശിക്കുകയും ബാത്ത്റൂമിലേക്ക് പിന്തുടരുകയും അവിടെ വെച്ച് ഒളിഞ്ഞുനോക്കുകയും ചെയ്തുവെന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍.
സ്‌കൂളിലെ പ്രിൻസിപ്പല്‍ 52കാരനായ മഹേഷ് പ്രസാദ് യാദവിനെതിരെയാണ് ആരോപണം. കുട്ടികളുടെ തുറന്നുപറച്ചിലിനെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി സ്കൂളിന് പുറത്ത് തടിച്ചുകൂടി. തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
വിദ്യാർഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ പോക്‌സോ വകുപ്പുള്‍പ്പെടെ ചേര്‍ത്ത് മഹേഷ് പ്രസാദ് യാദവിനെതിരെ കേസെടുത്തു. പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കിയതായും പൊലീസ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്താൻ നവാഡ പൊലീസ് സൂപ്രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.