ബിഹാറിലെ പട്നയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൊല്ലപ്പെട്ടു. ദാനാപൂരിലെ താരാചക് സ്വദേശിയായ ജയ് പ്രകാശ് റായി, ബബ്ലു യാദവ്, രാജാ ശർമ്മ എന്ന സൂരജ് കുമാർ എന്നിവരാണ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്. ഷേർപൂരില്‍ വെള്ളിയാഴ്ച നടന്ന വെടിവയ്പിലെ മുഖ്യപ്രതികളാണ് കൊല്ലപ്പെട്ട മൂവരും. പ്രതികള്‍ ഏറെക്കാലമായി ഒളിവില്‍ കഴിയുകയായിരുന്നു. 

ബിഹാർ എസ്‌ടിഎഫും പട്ന പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷെർപൂർ മേഖലയിൽ കുറ്റവാളികൾ ഒത്തുകൂടിയിട്ടുണ്ടെന്നും മറ്റൊരു കുറ്റകൃത്യത്തിന് മൂവരും പദ്ധതിയിടുന്നുണ്ടെന്നുമുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

പൊലീസിനെ കണ്ട ഉടനെ പ്രതികൾ വെടിയുതിർക്കുകയായിരുന്നുവെന്നും, തുടർന്ന് ‌പൊലീസ് തിരിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ അന്വേഷണങ്ങളും തെളിവെടുപ്പുകളും പുരോഗമിക്കുകയാണ്. ഒരു നാടൻ തോക്ക്, രണ്ട് പിസ്റ്റളുകൾ, ഒമ്പത് വെടിയുണ്ടകൾ, ആറ് വെടിയുണ്ട കവറുകള്‍ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Three wanted criminals were killed in a fierce gunfight with a joint team of the Bihar Special Task Force (STF) and Patna Police near Sherpur in Patna. The deceased have been identified as Jay Prakash Rai, Bablu Yadav, and Raja Sharma, all hailing from the Danapur area and wanted for a recent shooting in Sherpur. Acting on a specific tip-off that the gang was assembling to execute another crime, the police team raided the location, where the suspects opened fire. In the retaliatory firing by the police, all three suspects sustained fatal gunshot wounds, while a Station House Officer (SHO) also suffered injuries