മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് തെലങ്കാനയിൽ അമ്മയെ മകൻ തീകൊളുത്തി കൊന്നു. ഗ്രാമത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന മരണങ്ങൾക്ക് കാരണം അമ്മയുടെ മന്ത്രവാദമാണെന്ന് സംശയിച്ചാണ് 21കാരനായ ഓട്ടോറിക്ഷ ഡ്രൈവർ കരേ ദുർഗേഷ് 40കാരിയായ അമ്മ കരേ സെയമ്മയെ ജീവനോടെ കത്തിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ സെയമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്ന് പൊലീസ് അറിയിച്ചു. കടുത്ത മദ്യപാനിയായ പ്രതി മദ്യലഹരിയിലായിരിക്കാം കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് കരുതുന്നു. എന്നാൽ അമ്മയ്ക്ക് ഇത്തരം കാര്യങ്ങളുമായി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല.
കാർഷിക തൊഴിലാളിയായ അമ്മ ആഭിചാരക്രിയകൾ നടത്തിയെന്നും വർഷങ്ങൾക്ക് മുമ്പ് ഗ്രാമത്തിലുണ്ടായ പല മരണങ്ങൾക്കും അവരാണ് കാരണമെന്നുമാണ് ദുർഗേഷിന്‍റെ ആരോപണം. സർക്കിൾ ഇൻസ്പെക്ടർ രേണുക, സബ് ഇൻസ്പെക്ടർ അരവിന്ദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജോഗിപേട്ട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
സെയമ്മയ്ക്കെതിരെയുള്ള മന്ത്രവാദാരോപണങ്ങൾ ശരിവെക്കുന്ന യാതൊരു തെളിവും ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. ഗ്രാമവാസികളോട് സംസാരിച്ചുവെന്നും ആരും അവർക്ക് ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സർക്കിൾ ഇൻസ്പെക്ടർ എം. രേണുക വ്യക്തമാക്കി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.